ആലപ്പുഴ: ആറു വയസുള്ള ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 24കാരന് പതിനേഴു വര്‍ഷം കഠിനതടവും എഴുപത്തിയയ്യായിരം രൂപ പിഴയും വിധിച്ച് കോടതി. ചേര്‍ത്തല വെളിയില്‍ പറമ്പില്‍ വീട്ടില്‍ അഖിലി(24)നെയാണ് ആലപ്പുഴ സ്പെഷ്യല്‍ കോടതി ജഡ്ജ് ആഷ് കെ. ബാല്‍ ശിക്ഷിച്ചത്.
കുട്ടിയുടെ വീടിനു അടുത്ത് ആളൊഴിഞ്ഞ വീട്ടില്‍ നിരന്തരം വിളിച്ചു കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കി. മൊബൈല്‍ ഫോണില്‍ അശ്ലീല പടങ്ങളും കാണിച്ചിരുന്നു. കുട്ടിക്കുണ്ടായ ശാരീരിക അസ്വസ്ഥത കണ്ട് അമ്മ കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് വിവരം പുറത്താകുന്നത്. തുടര്‍ന്ന് കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പോലീസ് കേസെടുക്കുകയായിരുന്നു.
പോക്സോ നിയമപ്രകാരം 10 വര്‍ഷം കഠിനതടവും 50,000 രൂപയും ഇന്ത്യന്‍ പീനല്‍ കോഡ് 377 പ്രകാരം ഏഴ് വര്‍ഷം കഠിനതടവും 25,000/ രൂപയുമാണ് ശിക്ഷ. പിഴ ഒടുക്കാത്ത പക്ഷം കൂടുതല്‍ തടവുശിക്ഷ അനുഭവിക്കണം. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്. സീമ, അഡ്വ. രോഹിത് തങ്കച്ചന്‍ എന്നിവര്‍ ഹാജരായി.