ലാഹോർ: ഇന്ത്യയിൽ നടക്കുന്ന ലോകകപ്പ് മത്സരങ്ങളിൽ പങ്കെടുക്കാൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന് അനുമതി. സ്പോർട്സും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കരുതെന്നാണ് പാകിസ്ഥാന്റെ നിലപാട് എന്ന് പറഞ്ഞാണ് പാക് വിദേശകാര്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
അതേസമയം, ക്രിക്കറ്റ് ടീമിന്റെ സുരക്ഷയുടെ കാര്യത്തിൽ വലിയ ആശങ്കയുണ്ടെന്നും പാക്കിസ്ഥാൻ അറിയിച്ചു. ഇക്കാര്യം ഇന്ത്യയെയും ഐസിസിയെയും അറിയിക്കും.
“സ്പോർട്സും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കരുതെന്നാണ് പാക്കിസ്ഥാന്റെ എക്കാലത്തെയും നയം. അതുകൊണ്ട്, ഇന്ത്യയിൽ നടക്കുന്ന ഐസി സി ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിന് ഞങ്ങളുടെ ക്രിക്കറ്റ് ടീമിനെ അയക്കും.
എന്നിരുന്നാലും, ഞങ്ങളുടെ ക്രിക്കറ്റ് ടീമിന്റെ സുരക്ഷയുടെ കാര്യത്തിൽ വലിയ ആശങ്കയുണ്ട്. ഇന്ത്യയിലേക്കുള്ള യാത്രയിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന് മുഴുവൻ സുരക്ഷയും ഒരുക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു”, പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.