ആലപ്പുഴ: അവയവദാനം പ്രോത്സാഹിപ്പിക്കാൻ സാമൂഹ്യ അവബോധം സൃഷ്ടിക്കാനുള്ള ശ്രമങ്ങളിൽ നേതൃത്വപരമായ പങ്ക് ഐഎംഎ വഹിക്കുമെന്ന് സംസ്ഥാന പ്രസിഡൻ്റ് ഡോ.സുൽഫി നൂഹ് പറഞ്ഞു.
ആശുപത്രി സംരക്ഷണ നിയമം ഭേദഗതികളോടെ പരിഷ്കരിച്ച സർക്കാർ നടപടികളെ അദ്ദേഹം അഭിനന്ദിച്ചു. ഐ.എം.എ.സംസ്ഥാന പ്രവർത്തക സമിതി യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഡോക്ടർമാർ ശാസ്ത്ര പ്രചാരകരാകണം. ആധുനിക വൈദ്യശാസ്ത്രത്തെ മൂല്യച്യുതിയിലേക്ക് നയിക്കുന്ന സങ്കര ചികിത്സ ദോഷകരമാണ്. പരമ്പരാഗത ചികിത്സാരീതികൾ അതിന്റെ തനിമ നിലനിർത്തണം.
ഉന്നത മെഡിക്കൽ വിദ്യാഭ്യാസ മേഖലയിലെ നെക്സ്ററ് പരീക്ഷയെക്കുറിച്ചുള്ള കൃത്യമായ മാർഗനിർദേശങ്ങൾ നാഷണൽ മെഡിക്കൽ കമ്മീഷൻ പുറത്തിറക്കണമെന്നും, യുവ ഡോക്ടർമാരുടെ ആശങ്ക അകറ്റണമെന്നും ഡോ.സുൽഫി ആവശ്യപ്പെട്ടു.
സംസ്ഥാന ജനറൽ സെക്രട്ടറി ജോസഫ് ബെനവൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ആരോഗ്യ മേഖലയിലെ പ്രശ്നങ്ങളും പരിഹാരമാർഗ്ഗങ്ങളും യോഗം ചർച്ച ചെയ്തു. ഡോ.സാമുവൽ കോശി, ഐ.എം.എ.മുൻ ദേശിയ പ്രസിഡൻ്റ് ഡോ. മാർത്താണ്ടപിള്ള, ഡോ. ശ്യാം, ഡോ. ശ്രീവിലാസൻ,, ഡോ ആർ മദൻ മോഹൻ നായർ, ഡോ. കെ.കൃഷ്ണകുമാർ, ഡോ. എൻ അരുൺ എന്നിവർ സംസാരിച്ചു. ഡോ. എ പി മുഹമ്മദ്, ഡോ. മനീഷ് നായർ, ഡോ കെ.ഷാജഹാൻ, ഡോ ഉമ്മൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.