ഡല്‍ഹി: യുവാക്കള്‍ക്ക് ജനാധിപത്യത്തില്‍ ഏര്‍പ്പെടാന്‍ തുല്യ അവസരങ്ങള്‍ നല്‍കുന്നതിനായി ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനുള്ള പ്രായം കുറയ്ക്കാന്‍ ശുപാര്‍ശ ചെയ്ത് പാര്‍ലമെന്ററി കമ്മിറ്റി. നിലവിലെ നിയമ ചട്ടക്കൂട് അനുസരിച്ച്, ഒരാള്‍ക്ക് ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ കുറഞ്ഞത് 25 വയസ്സ് പ്രായമുണ്ടായിരിക്കണം. രാജ്യസഭയിലും സംസ്ഥാന ലെജിസ്ലേറ്റീവ് കൗണ്‍സിലിലും അംഗമാകാനുള്ള കുറഞ്ഞ പ്രായം 30 വയസ്സാണ്. നിലവില്‍ 18 വയസ്സിലാണ് ഒരാള്‍ക്ക് വോട്ടറായി രജിസ്റ്റര്‍ ചെയ്യാനുള്ള പ്രായം.
‘ദേശീയ തിരഞ്ഞെടുപ്പുകള്‍’ അല്ലെങ്കില്‍ ലോക്സഭാ തെരഞ്ഞെടുപ്പുകള്‍ക്കായി മത്സരിക്കാനുള്ള കുറഞ്ഞ പ്രായം നിലവിലെ 25 വയസ്സില്‍ നിന്ന് 18 ആയി കുറയ്ക്കാന്‍ സമിതി പ്രത്യേകം ശുപാര്‍ശ ചെയ്തു.
‘കാനഡ, യുണൈറ്റഡ് കിംഗ്ഡം, ഓസ്ട്രേലിയ തുടങ്ങിയ വിവിധ രാജ്യങ്ങളുടെ രീതികള്‍ പരിശോധിച്ച ശേഷം, ദേശീയ തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥിത്വത്തിനുള്ള ഏറ്റവും കുറഞ്ഞ പ്രായം 18 വയസ്സ് ആക്കണമെന്ന് കമ്മിറ്റി നിരീക്ഷിക്കുന്നു. ഈ രാജ്യങ്ങളുടെ ഉദാഹരണങ്ങള്‍ തെളിയിക്കുന്നത് യുവാക്കള്‍ വിശ്വസനീയവും ഉത്തരവാദിത്തമുള്ളവരുമാകുമെന്നാണ്. പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള കുറഞ്ഞ പ്രായപരിധി കുറയ്ക്കണമെന്നും കമ്മറ്റി നിര്‍ദ്ദേശിച്ചു. തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള പ്രയപരിധി കുറയ്ക്കുന്നത് യുവാക്കള്‍ക്ക് ജനാധിപത്യത്തില്‍ ഏര്‍പ്പെടാന്‍ തുല്യ അവസരങ്ങള്‍ നല്‍കുമെന്ന് ബിജെപിയുടെ സുശീല്‍ മോദിയുടെ നേതൃത്വത്തിലുള്ള പാനല്‍ നിരീക്ഷിച്ചു.
ആഗോള രീതികള്‍, യുവാക്കള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന രാഷ്ട്രീയ അവബോധം, യുവാക്കളുടെ പ്രാതിനിധ്യത്തിന്റെ നേട്ടങ്ങള്‍ എന്നിങ്ങനെയുള്ള ധാരാളം തെളിവുകള്‍ ഈ വീക്ഷണത്തിന് ബലമേകുന്നുവെന്നും കമ്മറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.