ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
അഹിംസയാണു മനുഷ്യരാശിയുടെ ഏറ്റവും വലിയ ശക്തിയെന്നു രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ഓർമിപ്പിച്ചിരുന്നു. അനിയന്ത്രിതമായാൽ തിന്മ വളരും. തിന്മ സഹിക്കുന്നത് മുഴുവൻ സംവിധാനത്തെയും വിഷലിപ്തമാക്കുന്നു എന്ന ജവഹർലാൽ നെഹ്റുവിന്റെ സന്ദേശം വ്യക്തമാണ്. ചിന്തയിലും വാക്കിലും പ്രവൃത്തിയിലും അഹിംസ പാലിക്കണം. നമ്മുടെ വിജയത്തിന്റെ അളവുകോൽ നമ്മുടെ അഹിംസയായിരിക്കും എന്നു പറഞ്ഞത് സർദാർ പട്ടേലാണ്.മണിപ്പുർ കലാപത്തിന്റെയും ഹരിയാനയിലെ നൂഹിലെ വർഗീയ സംഘട്ടനത്തിന്റെയും രാജ്യത്തിന്റെ വിവിധ കോണുകളിൽ നടക്കുന്ന അക്രമങ്ങളുടെയും പശ്ചാത്തലത്തിൽ രാഷ്ട്രനായകരുടെ വാക്കുകൾ വിസ്മരിക്കാനാകില്ല. മണിപ്പുരിൽ കലാപം മൂന്നു മാസം പിന്നിടുന്പോഴും അശാന്തിയുടെയും അക്രമങ്ങളുടെയും പരസ്പര വിദ്വേഷത്തിന്റെയും വാർത്തകളാണു പുറത്തുവരുന്നത്. മണിപ്പുരിലും ഹരിയാനയിലും പോലീസിന്റെയും സർക്കാരിന്റെയും വീഴ്ചകളും പക്ഷപാതിത്തവുമാണ് പ്രശ്നം കൂടുതൽ വഷളാക്കിയതെന്നതിൽ സംശയമില്ല.• സ്വാതന്ത്ര്യ സന്ദേശങ്ങൾസ്വാതന്ത്ര്യത്തിന്റെ 76-ാം വാർഷികം ദിവസങ്ങൾക്കകം നാം ആഘോഷിക്കുന്പോൾ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ മുതൽ തുല്യനീതിയും തുല്യാവസരങ്ങളുമൊക്കെ ചോദ്യങ്ങളായി ശേഷിക്കുന്നു. ജനാധിപത്യത്തിന്റെ ശ്രീകോവിൽ എന്നു വിശേഷിപ്പിക്കുന്ന പാർലമെന്റിൽ പോലും സംഭവിക്കുന്നതൊക്കെ ദുഃഖകരമാണ്.ജൂലൈ 20ന് പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിച്ചതുമുതൽ തുടർച്ചയായ സ്തംഭനങ്ങളും തടസപ്പെടുത്തലുകളും ഏകപക്ഷീയമായ നിയമനിർമാണ നടപടികളുമാണു നടക്കുന്നത്. ജനാധിപത്യ സംവിധാനത്തിന്റെ വഷളായ രൂപങ്ങളാണു കേന്ദ്രസർക്കാരും ഭരണ-പ്രതിപക്ഷ പാർട്ടികളും സമ്മാനിക്കുന്നത്.കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാരിനെതിരായ സംയുക്ത പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം സർക്കാരിനും പ്രതിപക്ഷത്തിനും ഒരുപോലെ അഗ്നിപരീക്ഷയാകും.രാജ്യത്തെയും ലോകത്തെയുംതന്നെ വേദനിപ്പിച്ചതും നടുക്കിയതുമായ മണിപ്പുർ കലാപത്തെക്കുറിച്ചു പ്രധാനമന്ത്രി നീണ്ടകാലം മൗനം പാലിച്ചതും പാർലമെന്റിൽ വിശദീകരണം നൽകാൻ വിസമ്മതിച്ചതും തീർത്തും തെറ്റാണ്. പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ പോലും അനുവദിക്കാതെ മിക്ക ദിവസങ്ങളിലും മൈക്ക് ഓഫാക്കിയതു പോലുള്ള നടപടികൾ മൂന്നു പതിറ്റാണ്ടിലേറെയുള്ള നിയമനിർമാണസഭകളുടെ റിപ്പോർട്ടിംഗിൽ മുന്പൊരിക്കലും കണ്ടില്ല.പ്രതിപക്ഷനേതാക്കളുടെ രാജ്യസഭയിലെ പ്രസംഗങ്ങളിൽ പ്രധാനമന്ത്രിക്കും സർക്കാരിനും അധ്യക്ഷനുമെതിരേയുള്ള മിക്ക പരാമർശങ്ങളും രേഖയിൽനിന്നു നീക്കുന്നത് പ്രതിപക്ഷസ്വരം അമർച്ച ചെയ്യുന്നതിനു തുല്യമാണ്. പൊതുജനങ്ങളുടെ നികുതിപ്പണം കൊണ്ട് പ്രവർത്തിക്കുന്ന ലോക്സഭാ, രാജ്യസഭാ ടെലിവിഷനുകളിൽ പ്രതിപക്ഷ പ്രതിഷേധങ്ങളെ പാടെ കാണിക്കാതിരിക്കുന്നതുപോലും ശരിയല്ല. പ്രതിപക്ഷത്തെ മാറ്റിനിർത്തി സർക്കാരിന്റെയും ഭരണപക്ഷത്തിന്റെയും മാത്രം ദൃശ്യങ്ങളും പ്രസംഗങ്ങളും പൊതുപ്പണംകൊണ്ടു പ്രവർത്തിക്കുന്ന ഒരു സ്ഥാപനവും ചെയ്യാൻ പാടില്ല.
• രാഹുൽ കേസിലെ നിഴലുകൾഅപകീർത്തിക്കേസിൽ കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ സൂറത്ത് കോടതിയുടെ ശിക്ഷാവിധി സുപ്രീംകോടതി ഇന്നലെ സ്റ്റേ ചെയ്തതു ദേശീയ രാഷ്ട്രീയത്തിൽ വലിയ ചർച്ചയാകും. രാഹുലിന്റെ എംപി സ്ഥാനം റദ്ദാക്കണമെന്ന ദുരുദ്ദേശ്യത്തോടെയാണ് ഗുജറാത്തിലെ കോടതി രാഹുലിന് പരമാവധി രണ്ടു വർഷം ശിക്ഷ നൽകിയതെന്ന ആരോപണം ശരിവയ്ക്കുന്നതായി പരമോന്നത നീതിപീഠത്തിന്റെ സ്റ്റേ ഉത്തരവ്. സൂറത്ത് കോടതിയുടെ ശിക്ഷ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച ഗുജറാത്ത് ഹൈക്കോടതിയുടെ നടപടിയും സംശയനിഴലിലായി.ബിജെപിക്കും മോദിക്കും സുപ്രീംകോടതി വിധി തിരിച്ചടിയായി. എന്നാൽ അതിനേക്കാളേറെ രാജ്യത്തെ നീതിന്യായ വ്യവസ്ഥയിലെ പുഴുക്കുത്തുകൾ തുറന്നുകാട്ടുന്നതാണിത്. നീതി തേടി സുപ്രീംകോടതി വരെ പോകേണ്ടിവരുന്ന സ്ഥിതി ആശാസ്യകരമല്ല. രാഹുലിനെ അയോഗ്യനാക്കിയ സൂറത്തിലെ ജഡ്ജിക്ക് ദിവസങ്ങൾക്കകം പ്രമോഷൻ നൽകിയതും കോടതികളുടെ വിശ്വാസ്യതയിലാണു നിഴൽ വീഴ്ത്തിയത്.ലോക്സഭയിൽനിന്നു രാഹുലിനെ ഒറ്റ ദിവസം കൊണ്ട് അയോഗ്യനാക്കിയതിൽ കേന്ദ്രസർക്കാരും ലോക്സഭാ സെക്രട്ടേറിയറ്റും കാണിച്ച തിടുക്കവും ബൂമറാംഗ് പോലെ തിരിച്ചടിച്ചു. രാഹുൽ എന്ന വ്യക്തിയുടെ മാത്രമല്ല, അദ്ദേഹത്തെ തെരഞ്ഞെടുത്ത വയനാട്ടിലെ ജനങ്ങളുടെ അവകാശംകൂടിയാണു സൂറത്ത് കോടതി വിധിയിലൂടെ നിഷേധിക്കപ്പെട്ടതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. എംപിയെന്ന നിലയിൽ പതിറ്റാണ്ടിലേറെ താമസിച്ചിരുന്ന ഡൽഹിയിലെ ഔദ്യോഗിക വസതിയിൽനിന്നു രാഹുലിനെ തിരക്കിട്ട് ഇറക്കിവിട്ട കേന്ദ്രസർക്കാർ നടപടിയിലെ വൃത്തികേടും ഇന്നലത്തെ സ്റ്റേയിലൂടെ വെളിവായി.• വീണ്ടും മോദി-രാഹുൽ
രാഹുലിന്റെ അയോഗ്യത സുപ്രീംകോടതി നീക്കിയതോടെ എത്രയും വേഗം അദ്ദേഹത്തിന്റെ ലോക്സഭാംഗത്വം പുനഃസ്ഥാപിക്കാൻ സർക്കാരിനും ലോക്സഭാ സ്പീക്കർക്കും കടമയുണ്ട്. മോദി സർക്കാരിനെതിരായ അവിശ്വാസപ്രമേയം ലോക്സഭ ചൊവ്വാഴ്ച ചർച്ച ചെയ്യുന്പോൾ രാഹുലിന്റെ സാന്നിധ്യം സംയുക്ത പ്രതിപക്ഷത്തിനാകെ ആവേശവും പ്രത്യാശയും നൽകും. മോദിയും രാഹുലും തമ്മിൽ ലോക്സഭയിൽ പരസ്പരം രാഷ്ട്രീയമായി ഏറ്റുമുട്ടുന്പോൾ അതാകും ജനാധിപത്യത്തിന്റെ ചാരുത.അദാനി പ്രശ്നത്തിൽ ലോക്സഭയിൽ രാഹുൽ നടത്തിയ പ്രസംഗം പ്രധാനമന്ത്രി മോദിക്കും ബിജെപിക്കും അസ്വസ്ഥത ഉണ്ടാക്കിയെന്നതിനു തെളിവായിരുന്നു രാഹുലിനെ അയോഗ്യനാക്കാനുള്ള തിടുക്കം. പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ മുഖമായ രാഹുലിന്റെ ശബ്ദം ഇല്ലാതാക്കാൻ കൂടിയായിരുന്നു തിടുക്കം. വിവാദമായ ഡൽഹി സർവീസസ് ബിൽ പരിഗണിക്കുന്നതിനു മുന്പായി ആം ആദ്മി പാർട്ടിയുടെ രാജ്യസഭയിലെ നേതാവ് സഞ്ജയ് സിംഗിനെ സമ്മേളനം തീരുന്നതുവരെ പുറത്താക്കിയതും നല്ല ലക്ഷ്യമാകില്ല. ലോക്സഭയിൽ ഇതേ ബിൽ പാസാക്കുന്നതിന് തൊട്ടുമുന്പായി എഎപിയുടെ എംപി സുശീൽകുമാർ റിങ്കുവിനെ സമ്മേളനം കഴിയുന്നതുവരെ പുറത്താക്കിയതും ജനാധിപത്യത്തിന്റെ സൗന്ദര്യം ഇല്ലാതാക്കുന്ന നടപടിയായി.
ബിജെപിക്കെതിരേ 26 പ്രതിപക്ഷ കക്ഷികൾ ചേർന്ന് രൂപീകരിച്ച ഇന്ത്യ സഖ്യത്തിനും കോണ്ഗ്രസിനും സുപ്രീംകോടതി വിധിയിൽനിന്ന് എത്രമാത്രം ശക്തിയാർജിക്കാൻ കഴിയുമെന്നതാകും 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ ചോദ്യം. തീർത്തും അപ്രസക്തമാകുമെന്നുകരുതിയ ലോക്സഭയിലെ അവിശ്വാസ പ്രമേയ ചർച്ചയ്ക്കു പുതിയൊരു മാനം നൽകാനും രാഹുലിന്റെ അയോഗ്യത സ്റ്റേ ചെയ്ത പരമോന്നത കോടതി വിധി കാരണമാകും.•മണിപ്പുരിലെ വേദനകൾമണിപ്പുർ കലാപത്തിന്റെ പേരിലാണു ലോക്സഭയിൽ കേന്ദ്രസർക്കാരിനെതിരേ അവിശ്വാസപ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷം നിർബന്ധിതമായത്. കുക്കികളായ സ്ത്രീകളെ വിവസ്ത്രരാക്കി പരേഡ് ചെയ്യിച്ച ക്രൂരതയുടെ വീഡിയോദൃശ്യങ്ങൾ വൈറലായപ്പോൾ മാത്രമാണ് പ്രധാനമന്ത്രി മോദി മണിപ്പുർ കലാപത്തിൽ ആദ്യമായി മൗനം വെടിഞ്ഞത്. അപ്പോഴും കലാപത്തെക്കുറിച്ചോ ഇരുനൂറോളം പേരുടെ ജീവൻ നഷ്ടമായതിനെക്കുറിച്ചോ മുന്നൂറിലേറെ ദേവാലയങ്ങളും ആയിരക്കണക്കിന് വീടുകളും ആസൂത്രിതമായി തകർത്തു തീയിട്ടതിനെക്കുറിച്ചോ പ്രധാനമന്ത്രി മിണ്ടിയതേയില്ല.
വീടും ജീവനോപാധികളും നഷ്ടപ്പെട്ട അറുപതിനായിരത്തോളം ഇരകളുടെ പുനരധിവാസത്തെക്കുറിച്ചും തകർത്ത ആരാധനാലയങ്ങളുടെയും വീടുകളുടെയും നിർമാണത്തെക്കുറിച്ചും ദുരിതാശ്വാസ പാക്കേജിനെക്കുറിച്ചുമെല്ലാം സംസാരിക്കാനും പ്രധാനമന്ത്രിക്കു ബാധ്യതയുണ്ട്. അതിലേറെ, മണിപ്പുരിൽ സമാധാനത്തിന് ആഹ്വാനം ചെയ്യാൻ പോലും പ്രധാനമന്ത്രി ഇതേവരെ തയാറായിട്ടില്ലെന്നതു നടുക്കുന്നതാണ്.കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വീഴ്ചയെക്കുറിച്ചും ക്രമസമാധാനനിലയുടെ തകർച്ചയെക്കുറിച്ചും സുപ്രീംകോടതി നടത്തിയ പരാമർശങ്ങൾ കേട്ടാൽ നാണം എന്നൊരു വികാരമുള്ള ആർക്കും അനങ്ങാതിരിക്കാനാകില്ല. ജനാധിപത്യക്രമത്തിൽ എത്ര ഉന്നത ഭരണാധികാരിയും ജനങ്ങളുടെ സുരക്ഷയേക്കാൾ വലുതാകില്ല.• ദുരന്തമാകുന്ന കലാപങ്ങൾമണിപ്പുർ, ഹരിയാന കലാപങ്ങൾ സൂചനകളാണ്. ഗുജറാത്ത്, ഒഡീഷയിലെ കാൻഡമാൽ, ഡൽഹിയടക്കം രാജ്യം കണ്ട നിരവധി കലാപങ്ങളുടെ മറ്റൊരു ഭീകരരൂപമാണ് മണിപ്പുരും ഹരിയാനയിലെ നൂഹും. രാജ്യത്ത് വർധിച്ചുവരുന്ന വർഗീയത, വിദ്വേഷം, അനീതി, അക്രമം തുടങ്ങിയവയൊക്കെ രാഷ്ട്രീയ വിവാദങ്ങൾക്കിടയിൽ പരിഹരിക്കപ്പെടാതെ പോകുന്നതാണു ദുരന്തം. ലോക്സഭയിലെ അവിശ്വാസ പ്രമേയ ചർച്ചയിൽ മണിപ്പുർ, ഹരിയാന കലാപം ചർച്ചയാകുമെങ്കിലും രാഷ്ട്രീയപോരാട്ടമാകും മുന്നിലെത്തുകയെന്നതിൽ സംശയിക്കാനില്ല.സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം രാജ്യം കൈവരിച്ച നേട്ടങ്ങൾ ഏതൊരു ഇന്ത്യക്കാരനും അഭിമാനം പകരുന്നതാണ്. ആഗോളതലത്തിൽ വൻ സാന്പത്തിക ശക്തിയായി വളരുകയും ബഹിരാകാശ ദൗത്യങ്ങളടക്കം നാം നേടിയ ശാസ്ത്ര- സാങ്കേതിക മികവുകളുമെല്ലാം ഇന്ത്യയെ കരുത്തുറ്റതാക്കി. ബുദ്ധിവൈഭവം കൊണ്ടും തൊഴിൽ നൈപുണ്യം കൊണ്ട് ഇന്ത്യക്കാർ ലോകത്തിനാകെ പ്രതീക്ഷയുമാണ്.ഇന്ത്യയെ അവഗണിച്ച് മുന്നോട്ടുപോകാൻ ഒരു ലോകശക്തിക്കും കഴിയാത്ത നിലയിലേക്കു രാജ്യത്തെ വളർത്തിയതിൽ നെഹ്റു മുതൽ മോദി വരെയുള്ള ഭരണാധിപന്മാർക്കെല്ലാം അവരുടേതായ പങ്കുണ്ട്. പക്ഷേ, വലിയ നേട്ടങ്ങളുടെ വീന്പു പറയുന്പോഴും 30 കോടിയോളം പേർ ഒരു നേരത്തെ ആഹാരത്തിനുവേണ്ടി കേഴുന്നുവെന്നത് അപമാനമാണ്.•ബഹുസ്വരത ശക്തിസാന്പത്തിക വളർച്ച, വികസനം, പുരോഗതി എന്നിവയെല്ലാം ഉണ്ടാകുന്പോഴും രാജ്യത്തിന്റെ ബഹുസ്വരത, മതേതരത്വം, സാഹോദര്യം, സഹിഷ്ണുത തുടങ്ങിയവ മുതൽ സമാധാനവും സുരക്ഷയും വരെ വലിയ വെല്ലുവിളികളാണ് നേരിടുന്നത്. രാഷ്ട്രീയ മുതലെടുപ്പുകൾക്കായി മതപരമായ ധ്രുവീകരണത്തിനുള്ള നീക്കങ്ങളാണു തലവേദന. പരസ്പരം സ്നേഹിക്കാനും സഹായിക്കാനും സഹകരിക്കാനും ശ്രമിച്ചിരുന്ന ജനതകളെ ജാതിയുടെയും മതത്തിന്റെയും പ്രാദേശികതയുടെയും മറ്റും പേരിൽ തമ്മിലടിപ്പിക്കുന്നതാകും തെറ്റ്.നാനാത്വത്തിൽ ഏകത്വമെന്ന ഇന്ത്യയുടെ ശക്തി ചോർത്തുന്ന ഏകതാവാദങ്ങൾ അപകടകരമാണ്. ഒരു രാജ്യമെന്ന നിലയിൽ ഐക്യവും അഖണ്ഡതയും കാക്കേണ്ടതു നമ്മുടെ കടമയാണ്. ഒപ്പം എല്ലാ വിഭാഗങ്ങൾക്കും ഇടം നൽകാൻ മറക്കരുത്. വിവിധങ്ങളായ മതവിശ്വാസങ്ങളും ആചാരങ്ങളും സംസ്കാരങ്ങളുടെ വൈവിധ്യവും നിലനിർത്താതെ ഇന്ത്യക്കു നിലനിൽക്കാനാകില്ല.തുല്യനീതിയും തുല്യാവസരങ്ങളും അനിവാര്യമായ പൗരസ്വാതന്ത്ര്യവും ഭരണഘടനയിലെ വാഗ്ദാനം മാത്രമായി ചുരുങ്ങരുത്. ഭരണഘടനാപരമായ ധാർമികത ഒരു സ്വാഭാവിക വികാരമല്ലെന്നും അതു പരിപോഷിപ്പിക്കേണ്ട ഒന്നാണെന്നും ഭരണഘടനാ ശില്പി ഡോ. ബി.ആർ. അംബേദ്കർ പറഞ്ഞതു വിസ്മരിക്കരുത്. ജനതകളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കാതെ യഥാർഥ പുരോഗതി കൈവരിക്കാനാകില്ല.