തിരുവനന്തപുരം: സുപ്രീം കോടതി വിധിയോടെ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലും രാഹുല്‍ ഗാന്ധി മത്സരരംഗത്ത് ഉണ്ടാകുമെന്ന് ഉറപ്പായി കഴിഞ്ഞു. കേരളജനത ഭൂരിഭാഗവും രാഹുലിന് അനുകൂലമായ വിധിയെ സ്വാഗതം ചെയ്യുന്നവരാണ്.
എങ്കിലും ഇപ്പോള്‍ ഉയരുന്ന പ്രധാന ചോദ്യം രാഹുല്‍ വീണ്ടും കേരളത്തില്‍ തന്നെ മത്സരിക്കുമോയെന്നാണ്. ബിജെപിക്കെതിരെ സിപിഎം ഉൾപ്പെടെയുള്ള കക്ഷികളുമായി ‘ഇന്ത്യ’ സഖ്യമുണ്ടാക്കി മത്സരിക്കുമ്പോള്‍ സഖ്യത്തിലെ പ്രധാന കക്ഷികളിലൊന്നായ സിപിഎമ്മിനെതിരെ രാഹുല്‍ മത്സരിക്കുമോ എന്നതാണ് കൗതുകം.
2019 ല്‍ രാഹുല്‍ വയനാട്ടിലേക്ക് മത്സരിക്കാനെത്തിയതിനെ സിപിഎമ്മും സിപിഐയുമൊക്കെ വലിയ തോതില്‍ വിമര്‍ശിച്ചിരുന്നു. ബിജെപിയെ നേരിടാന്‍ നേതൃത്വം കൊടുക്കുന്നയാള്‍ കേരളത്തിലല്ല മത്സരിക്കേണ്ടതെന്നായിരുന്നു അന്നത്തെ വിമര്‍ശനം.
എന്നാല്‍ അത് കോണ്‍ഗ്രസ് ഗൗരവമായി എടുത്തില്ല. രാഹുല്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിച്ചു എന്നു മാത്രമല്ല, കേരളത്തില്‍ കോണ്‍ഗ്രസ് മികച്ച വിജയം നേടി. 19 സീറ്റാണ് അന്ന് കോണ്‍ഗ്രസ് നേടിയത്.
ഇത്തവണ രാഹുലിന് അനുകൂലമായ സാഹചര്യം ദേശീയ തലത്തില്‍ തന്നെ ഉണ്ടായതിനാല്‍ കേരളത്തില്‍ മത്സരിക്കരുതെന്ന് സിപിഎം ആവശ്യപ്പെടാന്‍ സാധ്യതയുണ്ട്. രാഹുല്‍ കേരളത്തിലെത്തുന്നത് സഖ്യത്തിലെ തങ്ങളുടെ സീറ്റുകളുടെ എണ്ണം കുറയ്ക്കുമെന്ന് സിപിഎമ്മിന് ഉറപ്പുണ്ട്.
രാഹുല്‍ യുപിയില്‍ തന്നെ മത്സരിക്കണമെന്നാകും സിപിഎം നിലപാട്. റായ്ബറേലിയിലോ അമേഠിയിലോ രാഹുല്‍ മത്സരിക്കുകയാണ് നല്ലതെന്ന് സിപിഎമ്മിന് അഭിപ്രായം ഉണ്ട്.
ഒപ്പം തെക്കേ ഇന്ത്യയില്‍ അദ്ദേഹത്തിന് മത്സരിക്കണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ ബിജെപിയുമായി നേരിട്ട് മത്സരിക്കുന്ന കര്‍ണാടകയില്‍ നിന്നാവണമെന്നും സിപിഎം ആഗ്രഹിക്കുന്നുണ്ട്. ഇക്കാര്യം രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസിനെയും അറിയിക്കാനാണ് സിപിഎമ്മിലെ ധാരണ. ഡൽഹിയിൽ നടക്കുന്ന സിപിഎം പിബി – കേന്ദ്ര കമ്മിറ്റിയോഗങ്ങളിൽ ഈ വിഷയം അനൗദ്യോഗിക ചർച്ചകൾക്ക് വിധേയമാക്കി നിലപാട് കോൺഗ്രസിനെ അറിയിക്കുകയെന്നതാകും സിപിഎം നീക്കം.
അതേസമയം രാഹുല്‍ കേരളത്തില്‍ വീണ്ടും മത്സരിക്കണമെന്ന് തന്നെയാണ് കേരള നേതാക്കളുടെ താല്‍പര്യം. ഇക്കാര്യത്തില്‍ സെപ്റ്റംബറില്‍ തന്നെ തീരുമാനം ഉണ്ടാകും. സിപിഎം നിലപാടനുസരിച്ച് രാഹുൽ കേരളം വിട്ടാൽ കോൺഗ്രസ് സീറ്റുകളുടെ എണ്ണത്തിൽ നഷ്ടം ഉണ്ടാകുമെന്ന് മാത്രമല്ല ഇടതുപക്ഷത്തിൻ്റെ വിലപേശൽ ശേഷി ഉയർത്തുന്നതിനേ ഉപകരിക്കൂ എന്നുമാണ് കേരള നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.