ദഹനപ്രശ്നങ്ങള്‍ ഒഴിവാക്കാൻ ഭക്ഷണം കഴിക്കുമ്പോള്‍ മുതല്‍ അങ്ങോട്ട് തന്നെ പല കാര്യങ്ങളും ശ്രദ്ധിക്കണം. ഇങ്ങനെ ശ്രദ്ധിക്കേണ്ട ഒന്നാണ് ഭക്ഷണം എത്രമാത്രം ചവയ്ക്കുന്നു എന്നത്.ഭക്ഷണം നല്ലതുപോലെ ചവച്ചരയ്ക്കുമ്പോള്‍ വായില്‍ വച്ച് തന്നെ ഇത് വിഘടിക്കുന്നു. ഇതോടെ അകത്തുചെല്ലുന്ന ഭക്ഷണത്തിന്റെ ദഹനം എളുപ്പത്തിലാകുന്നു.
ദഹനം മാത്രമല്ല, ഭക്ഷണം ഈ രീതിയില്‍ വായില്‍ വച്ച് തന്നെ വിഘടിച്ച ശേഷം അകത്തുചെല്ലുമ്പോഴാകട്ടെ, ഇതില്‍ നിന്നുള്ള പോഷകങ്ങള്‍ പെട്ടെന്ന് ശരീരത്തിന് വലിച്ചെടുക്കാനും കഴിയുന്നു. അങ്ങനെ കഴിക്കുന്ന ഭക്ഷണത്തിന്റെയെല്ലാം ഗുണം നമുക്ക് അതുപോലെ ലഭിക്കുന്നു.ചിലരുണ്ട് ടിവി സ്ക്രീനോ മൊബൈല്‍ സ്ക്രീനോ ഒക്കെ നോക്കി ഭക്ഷണം കഴിക്കുന്നവര്‍, അല്ലെങ്കില്‍ പെട്ടെന്ന് ഭക്ഷണം കഴിച്ചുതീര്‍ക്കാൻ തിരക്ക് കൂട്ടുന്നവര്‍. ഇവരെല്ലാം തന്നെ അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കുന്നവരാണെങ്കില്‍ അമിതമായി കഴിക്കുകയില്ല. ഇത് ശരീരവണ്ണം കൂടാതിരിക്കാനും, ആകെ ആരോഗ്യത്തിനുമെല്ലാം നല്ലതാണ്.
ഭക്ഷണം വളരെ പതുക്കെ, ചവച്ചരച്ച് കഴിക്കുമ്പോള്‍ അധികം കലോറിയും ശരീരത്തിലെത്തില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതും ആരോഗ്യത്തിന് നല്ലതുതന്നെ. സ്വതവേ ദഹനപ്രശ്നങ്ങളുള്ളവരുണ്ട്. അവരെ സംബന്ധിച്ച് ഭക്ഷണം കഴിച്ചുകഴിഞ്ഞാല്‍ ചില അസ്വസ്ഥതകളൊക്കെ അനുഭവപ്പെടാം. ഇത്തരം ബുദ്ധിമുട്ടുകളൊഴിവാക്കാനും ഭക്ഷണം ചവച്ചരച്ച്, സാവധാനം കഴിക്കുന്നത് സഹായിക്കും. ഭക്ഷണം കഴിക്കുമ്പോള്‍ അത് ശരീരത്തിന് മാത്രമല്ല, മനസിനും സന്തോഷം നല്‍കുന്നുണ്ട്. മനസിന്റെ ഈ പ്രതികരണവും ദഹനപ്രവര്‍ത്തനങ്ങളെ വലിയ അളവില്‍ സ്വാധീനിക്കുന്നതാണ്. അതിനാല്‍ തന്നെ ഭക്ഷണം അല്പാല്പമായി ആസ്വദിച്ച് കഴിക്കുന്നതാണ് എപ്പോഴും നല്ലത്. ഭക്ഷണശേഷം മയക്കത്തോടെ ഇരിക്കുന്നതിന് പകരം ഉന്മേഷത്തോടെയിരിക്കാനും ഇത് സഹായിക്കുന്നു.