തിരുവല്ല: പ്രസവിച്ചു കിടന്ന യുവതിയെ നഴ്‌സിന്റെ വേഷത്തില്‍ എത്തി കുത്തിവച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവതിയുടെ ഭര്‍ത്താവ് അരുണിനൊപ്പം ജീവിക്കുന്നതിനു വേണ്ടിയാണു കുറ്റകൃത്യം ചെയ്യാന്‍ ശ്രമിച്ചതെന്ന് പ്രതി അനുഷ പൊലീസില്‍ മൊഴിനല്‍കി. അനുഷയും അരുണും തമ്മിലുള്ള വാട്‌സാപ് സന്ദേശങ്ങളും പൊലീസിനു ലഭിച്ചു. സ്‌നേഹയെ അനുഷ മൂന്നുതവണ കുത്തിവയ്ക്കാന്‍ ശ്രമിച്ചെന്നാണു വിവരം. കേസില്‍ പ്രതി അനുഷയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
സംഭവത്തിനു പിന്നില്‍ കൃത്യമായ ഗൂഢാലോചനയുണ്ടെന്നു പൊലീസ് വ്യക്തമാക്കി. അരുണിന്റെ സഹപാഠിയുടെ സഹോദരിയാണ് അനുഷ. രണ്ടുതവണ വിവാഹിതയായ ഇവര്‍ അരുണുമായി അടുപ്പത്തിലായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് അരുണിന്റെ പങ്ക് പൊലീസ് അന്വേഷിച്ചു വരികയാണ്. സംഭവത്തില്‍ സ്‌നേഹയുടെ ഭര്‍ത്താവ് അരുണിനെ ഇന്ന് ഉന്നത ഉദ്യോഗസ്ഥരുെട സാന്നിധ്യത്തില്‍ പൊലീസ് ചോദ്യം ചെയ്യും. 
വെകിട്ട് മൂന്നുമണിയോടെ നഴ്‌സിന്റെ ഓവര്‍കോട്ട് ധരിച്ച യുവതി മുറിയിലെത്തി കുത്തിവയ്‌പ്പെടുക്കാന്‍ നിര്‍ബന്ധിച്ചു. ഡിസ്ചാര്‍ജ് ചെയ്തതിനാല്‍ ഇനി എന്തിനാണ് കുത്തിവയ്‌പ്പെന്ന് മാതാവ് ചോദിച്ചു. ഒരു കുത്തിവയ്പ് കൂടിയുണ്ടെന്ന് പറഞ്ഞ് സ്‌നേഹയുടെ കയ്യില്‍ ബലമായി പിടിച്ച് സിറിഞ്ച് കുത്താന്‍ ശ്രമിച്ചു. 
സിറിഞ്ചില്‍ മരുന്ന് ഉണ്ടായിരുന്നില്ല. മാതാവ് ബഹളം വച്ചതോടെ ആശുപത്രി ജീവനക്കാരെത്തി യുവതിയെ പിടിച്ചുമാറ്റി തടഞ്ഞുവച്ചു. പൊലീസെത്തി കസ്റ്റഡിയിലെടുത്തു. അനുഷ ഫാര്‍മസി പഠനം പൂര്‍ത്തിയാക്കിയ ആളാണ്. ഞരമ്പിലൂടെ വായു കടത്തിവിട്ടാല്‍ മരണം സംഭവിക്കാമെന്നു തെറ്റിദ്ധരിച്ചാണ് കാലിയായ സിറിഞ്ച് ഉപയോഗിച്ച് കുത്തിവയ്ക്കാന്‍ ശ്രമിച്ചതെന്നു കരുതുന്നതായി പൊലീസ് പറയുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *