കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ എട്ടു മാസം കൂടി സമയം അനുവദിച്ച് സുപ്രീംകോടതി. 2024 മാര്‍ച്ച് 31 വരെ സമയം നീട്ടി നല്‍കണമെന്ന് വിചാരണകോടതി ജഡ്ജി ഹണി എം. വര്‍ഗീസിന്റെ ആവശ്യം അംഗീകരിച്ചു. നേരത്തെ ജൂലൈ 31 വരെ സമയം അനുവദിച്ചിരുന്നു. എന്നാല്‍, ആറു സാക്ഷികളെക്കൂടി വിസ്തരിക്കാനുണ്ടെന്ന് പ്രോസിക്യൂഷന് അറിയിച്ചിട്ടുണ്ടെന്നും കൂടുതല്‍ സമയം വേണമെന്നും വിചാരണ കോടതി ജഡ്ജി ആവശ്യപ്പെട്ടു.
ഇത് ജസ്റ്റിസുമാരായ അനിരുദ്ധാ ബോസ്, ബേലാ എം ത്രീവേദി എന്നിവര്‍ അംഗങ്ങളായ ബെഞ്ച് അനുവദിച്ചു. അതേസമയം, വിചാരണ അനന്തമായി നീട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുകയാണെന്ന് ദിലീപിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് മുകുള്റോ ഹ്തഗി വാദിച്ചു. മൂന്നു മാസത്തിനു ശേഷം വിചാരണ പുരോഗതി സുപ്രീംകോടതി വിലയിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാല്‍, വിചാരണ പൂര്‍ത്തിയാക്കാന്‍ സമയക്രമം നിശ്ചയിക്കാനാകില്ലെന്നും എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിഷേരാജന് ശങ്കര്‍ ഹാജരായി.