കോഴിക്കോട്: ഫ്രീ ലെഫ്റ്റ് ടേണുള്ള സിഗ്നലിൽ മുന്നിൽ ഗതാഗത തടസ്സം സൃഷ്ടിച്ചുനിന്ന കാർ മാറ്റിക്കിട്ടാൻ ഹോണടിച്ചതിന് യുവാവ് ഡോക്ടറെ ക്രൂരമായി മർദിച്ചു. ഗുരുതരമായി പരുക്കേറ്റ ഡോക്ടർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പേരാമ്പ്ര പൈതോത്ത് ജിദാത്തിനെ (25) പൊലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ ആശുപത്രിയിലെ ജോലി കഴിഞ്ഞ് വൈകിട്ട് ഡോക്ടർ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. സരോവരം ഭാഗത്തു നിന്നെത്തിയ ഡോക്ടർക്ക് വയനാട് റോഡ് ക്രിസ്ത്യൻ കോളജ് സിഗ്നൽ ജംക്‌ഷനിൽനിന്ന് ഇടത്തോട്ടാണു പോകേണ്ടിയിരുന്നത്.