കുവൈത്ത്: കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലേക്കും മറ്റും നഴ്സിംഗ് റിക്രൂട്ട്മെന്റിന്റെ പേരില്‍ ഉദ്യോഗാര്‍ഥികളില്‍ നിന്നും അനധികൃതമായി പണം വാങ്ങിയ കേസില്‍ ഇഡി പരിശോധന. മാത്യു ഇന്റര്‍നാഷണല്‍ എന്ന റിക്രൂട്ട്മെന്റ് സ്ഥാപനം നടത്തുന്ന പുത്തന്‍വീട്ടില്‍ ജോസഫ് മാത്യുവിന്റെ താമസസ്ഥലത്തും വ്യാപാരസ്ഥാപനങ്ങളിലുമാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി റെയ്ഡ് നടത്തിയത്.
മുംബൈയിലും കേരളത്തിലെ വിവിധ സ്ഥലങ്ങളിലുമായി നടത്തിയ റെയ്ഡുകളില്‍ 76 ലക്ഷം രൂപയും 12 കോടി രൂപയുടെ വസ്തുകളുടെ രേഖകളും പിടിച്ചെടുത്തു. ഇന്ത്യന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ട്വിറ്റര്‍ വഴിയാണ് വിവരം പുറത്തു വിട്ടത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് പരിശോധന നടത്തിയത്.
മാത്യു ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കൊച്ചിയില്‍ സിബിഐ നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇഡിയുടെ പരിശോധന. വ്യാജ ലൈസന്‍സ് ഉപയോഗിച്ച് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യാന്‍ 2015 ല്‍ മാത്യുവും മകന്‍ ടോം മാത്യു എന്ന തോമസ് മാത്യുവും മുംബൈയിലെ മറ്റൊരു ബിസിനസുകാരനുമായി ക്രിമിനല്‍ ഗൂഢാലോചന നടത്തിയതായി ഇഡി പറയുന്നു.
തുടര്‍ന്ന് റിക്രൂട്ട്മെന്റ് നടപടികള്‍ക്കായി കുവൈത്തിലെ രണ്ട് കമ്പനികളില്‍ നിന്ന് ഡിമാന്‍ഡ് ലെറ്ററുകളും ഇതിനായി ചുമതലപെടുത്തിയ കത്തുകളും മാത്യു സ്വന്തമാക്കി.ഇതിനായി കൊച്ചിയിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സ് അഡോള്‍ഫസിന്റെ സഹായവും പ്രതികള്‍ക്ക് ലഭിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പിന്നീട് ഉദ്യോഗാര്‍ഥികള്‍ക്കായി കൊച്ചിയില്‍ വെച്ച് റിക്രൂട്ട്മെന്റ് നടത്തുകയും ചെയ്തു.
ഓരോ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഏകദേശം 20 ലക്ഷം രൂപയാണ് സംഘം സര്‍വീസ് ചാര്‍ജ് ആയി പിരിച്ചെടുത്തത്. പരമാവധി 20,000 രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ച സര്‍വീസ് ചാര്‍ജ് പരിധി. ഇത്തരത്തില്‍ ഏകദേശം ഇരുന്നൂറ്റി ആറു കോടിയോളം രൂപയാണ് പ്രതികള്‍ ഉദ്യോഗര്‍ഥികളില്‍ നിന്ന് തട്ടിയെടുത്തത്.