കൊച്ചി: ആലുവയില്‍ പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിക്കെതിരായ തെളിവുകള്‍ ശക്തമാക്കാനുള്ള നടപടികളുമായി അന്വേഷണ സംഘം. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ സ്ഥലപരിശോധന നടത്തി. ആലുവ മാര്‍ക്കറ്റിനുള്ളില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കാണപ്പെട്ട സ്ഥലത്താണു പരിശോധന നടത്തിയത്.
പെണ്‍കുട്ടിയുടെ ശരീരത്തിലെ മുറിവുകള്‍, ഇത്രയും ചെറിയ സ്ഥലത്തു പെണ്‍കുട്ടിയെ ഇത്തരത്തില്‍ കൊലപ്പെടുത്താനാകുമോ എന്നതടക്കമാണു പോലീസ് പരിശോധിക്കുന്നത്. ആലുവ മാര്‍ക്കറ്റിനു പിറകിലെ കാടുമൂടിയ സ്ഥലത്തു ചാക്കില്‍കെട്ടിയ നിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ ആറു സാക്ഷികളുടെ രഹസ്യമൊഴിയും പോലീസ് രേഖപ്പെടുത്തും.
പെണ്‍കുട്ടിക്കു ജ്യൂസ് വാങ്ങി നല്‍കിയ കട, വീടിന്റെ പരിസരം എന്നിവിടങ്ങളില്‍ പ്രതിയുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും. കഴിഞ്ഞ ദിവസം പ്രതി അസ്ഫാക് ആലവുമായി ആലുവ മാര്‍ക്കറ്റില്‍ പോലീസ് തെളിവെടുപ്പു നടത്തിയിരുന്നു. തെളിവെടുപ്പില്‍ കുട്ടിയുടെ ഒരു ചെരിപ്പും കീറിയ വസ്ത്രത്തിന്റെ ഒരുഭാഗവും കണ്ടെടുത്തിരുന്നു. നേരത്തെ ഫോറന്‍സിക് വിദഗ്ധര്‍ സംഭവ സ്ഥലത്തുനിന്നു മുടിയിഴ കണ്ടെടുത്തതു കോടതിയുടെ അനുമതിയോടെ ഡി.എന്‍.എ. പരിശോധനയ്ക്ക് അയയ്ക്കും.