ഡൽഹി: രക്തസാക്ഷി പരിവേഷവുമായി രാഹുൽ വീണ്ടും വയനാട്ടിലേക്ക് വരികയാണ്. 10മാസത്തിനപ്പുറം ലോകസഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ രാഹുൽ വീണ്ടും മത്സരിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
കഴിഞ്ഞ ദിവസം ഡൽഹിയിൽ ചേർന്ന കോൺഗ്രസ് ഉന്നത യോഗത്തിൽ അയോഗ്യത നീങ്ങിക്കിട്ടിയാൽ വയനാട്ടിൽ മത്സരിക്കാൻ രാഹുൽ സന്നദ്ധതയറിയിച്ചിരുന്നു. വയനാട്ടിലെ രാഹുലിന്റെ മത്സരവും അദ്ദേഹത്തിന് ഇപ്പോൾ ലഭിച്ചിരിക്കുന്ന രക്തസാക്ഷി പരിവേഷവും ദക്ഷിണേന്ത്യയാകെ തൂത്തുവാരാൻ കോൺഗ്രസിന് വഴിയൊരുക്കുമെന്നാണ് ഹൈകമാൻഡ് പ്രതീക്ഷിക്കുന്നത്.
നരേന്ദ്ര മോഡിക്ക് എന്തായാലും അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പ് ഈസി വാക്കോവർ ആവില്ലെന്നുറപ്പ്. ഒരു ഫോട്ടോ ഫിനിഷ് മത്സരമാണ് രാജ്യം കാത്തിരിക്കുന്നത്.
മോദി പരാമർശത്തിൽ രാഹുൽഗാന്ധി കുറ്റക്കാരനാണെന്ന ഗുജറാത്തിലെ സൂറത്ത് കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തത് രാഹുലിനൊപ്പം സംസ്ഥാനത്തെ കോൺഗ്രസിനും ആവേശവും ഉണർവും നൽകുന്നതാണ്. രാഹുൽഗാന്ധിക്ക് അയോഗ്യത കല്പിക്കപ്പെട്ടിട്ട് നാല് മാസത്തിലധികമായതോടെ വയനാട് ലോക്‌സഭാ മണ്ഡലത്തിന് നാഥനില്ലാത്ത സ്ഥിതിയായിരുന്നു.
അതോടെ ഉപതിരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള ഊഹാപോഹങ്ങളും നിറഞ്ഞു. എന്നാൽ അയോഗ്യത നീങ്ങിയതോടെ വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് ഒഴിവായി. വയനാട്ടിലെ അനിശ്ചിതത്വം നീങ്ങിയ സ്ഥിതിക്ക് ഇനി പൂർണ്ണമനസ്സോടെ പുതുപ്പള്ളി നിയമസഭാ ഉപതിരഞ്ഞെടുപ്പിലേക്ക് യു.ഡി.എഫിന് ശ്രദ്ധപതിപ്പിക്കാം.
രാഹുൽഗാന്ധിക്ക് അനുകൂലമായി കിട്ടിയ രക്തസാക്ഷി പരിവേഷത്തെ ഊട്ടിയുറപ്പിക്കുന്നതാണ് സുപ്രീംകോടതി ഉത്തരവ്.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 2019ലേതിന് സമാനമായി മതന്യൂനപക്ഷ വികാരം അനുകൂലമാവുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്. ശബരിമല വിധിയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ സ്വാധീനമുണ്ടായിരുന്നെങ്കിലും വയനാട്ടിൽ മത്സരിക്കാനുള്ള രാഹുൽഗാന്ധിയുടെ തീരുമാനമാണ് 2019ൽ മലബാർമേഖലയിലടക്കം യു.ഡി.എഫിന് വൻ വിജയമൊരുക്കിയത്.
ഇത്തവണ മണിപ്പൂർ കലാപം ക്രൈസ്തവസമൂഹത്തിനിടയിൽ സൃഷ്ടിച്ച ആശങ്കകളും രാജ്യത്താകെ മതന്യൂനപക്ഷങ്ങൾക്കിടയിൽ നിലനിൽക്കുന്ന അരക്ഷിതാവസ്ഥയും രാഹുൽഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയ്ക്ക് ലഭിച്ച സ്വീകാര്യതയുമെല്ലാം അനുകൂലഘടകമാകുമെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ.
മോദി പരാമർശത്തിന്റെ പേരിൽ രാഹുൽഗാന്ധിക്കെതിരെ ഗുജറാത്ത് കോടതികളിൽ നിന്നുണ്ടായ ഇടപെടലിന് പിന്നിൽ സംഘപരിവാറിന്റെ പ്രതികാരമനോഭാവത്തിന്റെ സ്വാധീനമുണ്ടെന്ന തോന്നലും ശക്തിപ്പെടുത്തുന്നതാണ് സുപ്രീംകോടതിയിൽ നിന്നുണ്ടായ പരാമർശങ്ങൾ. ഇത് മതനിരപേക്ഷ, ജനാധിപത്യ മനസ്സുകളെ തങ്ങളിലേക്കടുപ്പിക്കുമെന്ന ചിന്ത കോൺഗ്രസിനുണ്ടാക്കിയിട്ടുണ്ട്.
രാഹുലിന്റെ അയോഗ്യത നീങ്ങിയതോടെ അദ്ദേഹത്തിന്റെ വയനാട് ഓഫീസ് വീണ്ടും സജീവമായിട്ടുണ്ട്.
ശിക്ഷാവിധി സ്റ്റേ ചെയ്ത സുപ്രീം കോടതി വിധി പുറത്തുവന്നതോടെ പ്രവർത്തകരും നേതാക്കളും ഓഫീസിലേക്ക് എത്തിയിരുന്നു. കേക്ക് മുറിച്ചും ലഡു വിതരണം ചെയ്തു പ്രവർത്തകർ ആഹ്ലാദം പങ്കിട്ടു. കഴിഞ്ഞ നാല് മാസത്തോളമായി ഓഫീസ് പ്രവർത്തിച്ചിരുന്നെങ്കിലും കാര്യമായി ആളനക്കം ഉണ്ടായിരുന്നില്ല.
എസ്എഫ്‌ഐ നടത്തിയ മാർച്ചിലൂടെ ശ്രദ്ധേയമായ ഓഫീസിൽ, രാഹുൽ ഗാന്ധിയുടെ അയോഗ്യത വന്നതോടെ ഫോൺ, ഇന്റർനെറ്റ് കണക്ഷൻ വിച്ഛേദിച്ചിരുന്നു. സ്റ്റാഫിനേയും ഓഫീസിന്റെ സുരക്ഷയും പിൻവലിച്ചതും വിവാദമായി. എം പി എന്ന നിലയിലും അല്ലാതെയും ലഭിച്ച നിവേദനങ്ങൾ അടങ്ങിയ ഫയലുകൾ ഇപ്പോഴും ഓഫീസിൽ ഉണ്ട്.
നിർധന കുടുംബങ്ങൾക്ക് രാഹുൽ വീട് നിർമ്മിച്ചു നൽകുന്ന പദ്ധതിയുടെ പ്രവർത്തനങ്ങൾ ഓഫീസിൽ തുടങ്ങിയിരുന്നു. ഉടൻതന്നെ രാഹുൽ വയനാട്ടിലേക്കും ഈ ഓഫീസിലേക്കും എത്തുമെന്നാണ് വിവരം.