പുതുപ്പരിയാരം: അതിദരിദ്രരില്ലാത്ത കേരളത്തിലേക്ക് നടക്കുകയാണ് അനാഥയായ സൈറബാനു എന്ന നാൽപത്തിയെട്ടുകാരി. റയിൽവെ ബി ക്ലാസിൽ (റെയിൽവേ പുറംപോക്ക് സ്ഥലം) ചോർന്ന് ഒലിക്കുന്ന ഒറ്റമുറിയിൽ താമസിക്കുന്ന സൈറബാനു കറണ്ട് ഇല്ലാത്തതിനാൽ ഭയത്തോടെയാണ് കഴിഞ്ഞിരുന്നത്. ഭക്ഷണം പാകംചെയ്യാൻ അടുപ്പും ഗ്യാസും ഇല്ലായിരുന്നു.
ഇവരുടെ ദയനീയാവസ്ഥ അറിഞ്ഞ വാർഡ് മെമ്പറും ക്ഷേമകാര്യ ചെയർമാനുമായ പി. ജയപ്രകാശ് സംസ്ഥാന സർക്കാറിന്റെ അതിദരിദ്രരെ മോചിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായി പുതുപ്പരിയാരം പഞ്ചായത്തിൽ കണ്ടെത്തിയ പത്തുപേരിൽ ഒരാളായി സൈറബാനുവിനെ നിർദേശിക്കുകയായിരുന്നു.
സംരക്ഷിക്കാൻ ആരുമില്ലാതെ അലഞ്ഞു നടക്കുന്ന സൈറബാനുവിനെ സഹായിക്കാൻ ആരെയെങ്കിലും കണ്ടത്താൻ പി.ജെയപ്രകാശ് തീവ്രശ്രമം നടത്തിയതിൻ്റെ അടിസ്ഥാനത്തിൽ രാജസ്ഥാനിൽ നിന്നും മിലിറ്ററിയിലെ സേവനം മതിയാക്കി നാട്ടിൽ എത്തിയ കാവിൽപ്പാട് പുലക്കുന്നംപറമ്പ് വീട്ടിൽ മുബാറക്കിനെ കണ്ട് വിവരം പറയുകയായിരുന്നു.
അദ്ദേഹം ഒരു മടിയും കൂടാതെ സഹായിക്കാൻ സമ്മതിക്കുകയും ചെയ്തു. പി. ജയപ്രകാശിൻ്റെ നേതൃത്വത്തിൽ. വരുമാന സർട്ടിഫിക്കേറ്റ്, പഞ്ചായത്ത് ശുപാർശകത്ത്, ഫോട്ടോ തുടങ്ങി എല്ലാരേഖകളും തയ്യാറാക്കി. വയറിങ്ങ് പണിക്ക് ഒമ്പതിനായിരവും മറ്റു ചിലവുകളും, ഗ്യാസ് കണക്ഷന് അയ്യയിരം രൂപയും മുബാറക്കിന്റെ സഹത്തോടെ ചെലവ് ചെയ്താണ് പദ്ധതി പൂർത്തികരിച്ചത്.
ഗ്യാസ് കണക്ഷനും കറണ്ടും കിട്ടിയപ്പോൾ സൈറബാനുവിനുണ്ടായ സന്തോഷം കണ്ടപ്പോൾ ഏറെ ആത്മസംതൃപതിയും സന്തോഷവും തോന്നിയതായി വാർഡ് മെമ്പർ പി.ജയപ്രകാശും മുബാറക്കും പറഞ്ഞു.