ചണ്ഡീഗഡ്: ഹരിയാനയിലെ ​ഗുരു​ഗ്രാമിലുണ്ടായ സംഘർഷത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. രണ്ടു ഹോംഗാർഡുകളാണ് കൊല്ലപ്പെട്ടത്. 12 പൊലീസ് അടക്കം അമ്പതിലധികം പേർക്ക് പരിക്കേറ്റു. ഏഴ് ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഗുരുഗ്രാമിലും ഫരീദാബാദിലും സ്കൂളിനും കോളജിനും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ബ്രിജ് മണ്ഡൽ ജലാഭിഷേക യാത്ര തടഞ്ഞതാണ് സംഘർഷത്തിലേക്ക് നയിച്ചത്. രണ്ടു സമുദായങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തു. പ്രദേശത്ത് ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. അക്രമികൾ നിരവധി വാഹനങ്ങൾ അ​ഗ്നിക്കിരയാക്കിയിട്ടുണ്ട്.

വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ബ്രിജ് മണ്ഡൽ ജലാഭിഷേക യാത്ര ഗുരുഗ്രാം-ആൾവാർ ദേശീയപാതയിൽ ഒരു സംഘം യുവാക്കൾ തടയുകയും ഘോഷയാത്രയ്ക്ക് നേരെ കല്ലേറുണ്ടായതോടെയാണ് സംഘർഷം ആരംഭിച്ചതെന്നാണ് റിപ്പോർട്ട്.
ഗുരുഗ്രാമിനോട് ചേർന്നുള്ള നൂഹിനടുത്തുള്ള ഒരു ക്ഷേത്രത്തിൽ അഭയം പ്രാപിച്ച 2,500 ഓളം പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും പൊലീസ് രക്ഷപ്പെടുത്തി. നൂൽഹർ മഹാദേവ് ക്ഷേത്രത്തിൽ കുടുങ്ങിയ ജനക്കൂട്ടം മതപരമായ ഘോഷയാത്രയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു.

ബജ്‌റംഗ്ദൾ പ്രവർത്തകൻ സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്ത ആക്ഷേപകരമായ വീഡിയോയാണ് സംഘർഷത്തിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ. ബജ്‌റംഗ്ദൾ അംഗം മോനു മനേസറും കൂട്ടാളികളുമാണ് വീഡിയോ പ്രചരിപ്പിച്ചത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇവർ. യാത്രയ്ക്കിടെ മേവാത്തിൽ തങ്ങുമെന്ന് മോനു മനേസർ പരസ്യമായി വെല്ലുവിളിച്ചിരുന്നു. ഒരു കൊലപാതക കേസുമായി ബന്ധപ്പെട്ട് മോനു മനേസറിനെതിരെ പ്രദേശത്ത് എതിർപ്പ് നിലനിന്നിരുന്നതായും റിപ്പോർട്ടുണ്ട്.
സംഭവം ദൗർഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പറഞ്ഞു. സംസ്ഥാനത്ത് സമാധാനം നിലനിർത്താൻ എല്ലാ ജനങ്ങളോടും താൻ അഭ്യർത്ഥിക്കുന്നു. ഒരു കാരണവശാലും കുറ്റവാളികളെ വെറുതെ വിടില്ല. അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മനോഹർ ലാൽ ഖട്ടർ ട്വീറ്റ് ചെയ്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *