മുംബൈ: മഹാരാഷ്ട്രയില്‍ സമൃദ്ധി എക്‌സ്പ്രസ് ഹൈവേ നിര്‍മാണത്തിനിടെ ഗര്‍ഡര്‍ സ്ഥാപിക്കുന്ന യന്ത്രം വീണ് 15 തൊഴിലാളികള്‍ മരിച്ചു. മൂന്ന് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. കൂടുതല്‍പ്പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നിഗമനം.
ഗര്‍ഡര്‍ മെഷീനുമായി ബന്ധിപ്പിക്കുന്ന ക്രെയിനും സ്ലാബും 100 അടി ഉയരത്തില്‍ നിന്നാണ് വീണതെന്നാണ് റിപ്പോര്‍ട്ട്. താനെയ്ക്കടുത്ത ഷാപ്പൂരില്‍ ഇന്ന് പുലര്‍ച്ചെ രണ്ടിനാണ് ദുരന്തമുണ്ടായത്. അപകട കാരണം വ്യക്തമല്ല. മുംബൈയെയും നാഗ്പൂരിനെയും ബന്ധിപ്പിക്കുന്ന 701 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അതിവേഗ പാതയാണ് ഇത്.
സമൃദ്ധി എക്സ്പ്രസ് ഹൈവേയുടെ മൂന്നാം ഘട്ട നിര്‍മാണത്തിന് ഉപയോഗിച്ചിരുന്ന യന്ത്രമാണ് തകര്‍ന്ന് വീണത്. മരണസംഖ്യ ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.