മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഷഹാപൂരിലെ ഖുതാഡി സർലാംബെ ഗ്രാമത്തിൽ ഗർഡർ ലോഞ്ചിംഗ് മെഷീൻ തകർന്ന് 16 പേർക്ക് ദാരൂണാന്ത്യം. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു.
ദാരൂണ സംഭവം നടന്നത് സമൃദ്ധി എക്‌സ്‌പ്രസ് വേയുടെ മൂന്നാം ഘട്ട നിർമ്മാണത്തിനിടെ. പാലം നിർമ്മാണത്തിൽ ഉപയോഗിക്കുന്ന മൊബൈൽ ഗാൻട്രി ക്രെയിൻ ആണ് ഗർഡർ മെഷീൻ. ഇതുവരെ കണ്ടെടുത്തത് 16 മൃതദേഹങ്ങളാണ്.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. തകർന്ന കെട്ടിടത്തിനുള്ളിൽ ആറ് പേർ കൂടി കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ടെന്ന് അധികൃതർ പറയുന്നു.
പോലീസും അഗ്നിശമന സേനാംഗങ്ങളും പ്രാദേശിക ഏജൻസികളും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.അതേസമയം, മഹാരാഷ്ട്ര മന്ത്രി ദാദാ ഭൂസെ സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. സംഭവത്തിനെക്കുറിച്ച് അന്വേഷണത്തിനും ഉത്തരവിട്ടു.