മംഗളൂരു: പഡ്പു ആലപെ തടാകത്തിൽ ഞായറാഴ്ച വൈകീട്ട് നീന്താൻ ഇറങ്ങി മുങ്ങിപ്പോയ രണ്ടു യുവാക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തി. നഗരപരിസരവാസികളായ എ.എൻ. വരുൺ (26), കെ. വീക്ഷിത് (26) എന്നിവരാണ് മരിച്ചത്. ഇവർ ഉൾപ്പെടെ ആറു യുവാക്കളാണ് തടാകത്തിൽ ഇറങ്ങിയത്.
അപ്രതീക്ഷിത ആഴമുള്ളതിനാൽ ആറു പേരും മുങ്ങിപ്പോവുകയായിരുന്നു. നാലുപേർ അവശനിലയിൽ നീന്തിക്കയറി. പരിസരവാസികൾ അറിയിച്ച് എത്തിയ പൊലീസും അഗ്നിരക്ഷാസേനയും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കിട്ടിയത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലേക്കു മാറ്റി. പൊലീസ് കേസെടുത്തു.