ജിദ്ദ – ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിക്കും തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ തുർക്കി നിർമിത ഇലക്ട്രിക് കാർ സമ്മാനിച്ചു. ഗൾഫ് പര്യടനത്തിന്റെ ഭാഗമായി ചൊവ്വാഴ്ച ദോഹയിലെത്തിയ ഉർദുഗാനും ഖത്തർ അമീറും തമ്മിൽ ഔദ്യോഗിക ചർച്ചകൾ നടത്തുന്നതിനു തൊട്ടു മുമ്പാണ് ശൈഖ് തമീമിന് തുർക്കി പ്രസിഡന്റ് ടോഗ് കമ്പനിയുടെ കടുംനീല നിറത്തിലുള്ള ജെംലിക് മോഡൽ കാർ സമ്മാനിച്ചത്. ടോഗ് കാറിന് ആദ്യമായി നൽകിയ നിറമായിരുന്നു നീല. കാർ ഫാക്ടറി സ്ഥിതി ചെയ്യുന്ന ബുർസ സംസ്ഥാനത്തെ ഗെംലിക് മേഖലയിലെ നീലജലത്തിന്റെ ആവിഷ്‌കാരം എന്നോണമാണ് കാറിന് ഗെംലിക് എന്ന പേര് നൽകിയത്. ലുസൈൽ കൊട്ടാര മുറ്റത്ത് ഖത്തർ അമീർ കാർ ഓടിച്ചുനോക്കി. ഈ സമയത്ത് തുർക്കി പ്രസിഡന്റും ഖത്തർ അമീറിനൊപ്പം കാറിലുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം സൗദി അറേബ്യ സന്ദർശിച്ച ഉർദുഗാൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഇലക്ട്രിക് കാറുകൾ സമ്മാനിച്ചിരുന്നു. ജിദ്ദ അൽസലാം കൊട്ടാരത്തിൽ ചർച്ചകൾ പൂർത്തിയായ ശേഷം ഈ കാറുകളിൽ ഒന്ന് സ്വയം ഡ്രൈവ് ചെയ്താണ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ തുർക്കി പ്രസിഡന്റിനെ താമസസ്ഥലത്തെത്തിച്ചത്. 
തുർക്കിയിലെ ടോഗ് കമ്പനി നിർമിച്ച കാറുകളാണ് സൗദി, ഖത്തർ ഭരണാധികാരികൾക്ക് പ്രസിഡന്റ് സമ്മാനിച്ചത്. 2022 ഒക്‌ടോബർ 29 ന് ആണ് ടോഗ് ഇലക്ട്രിക് കാറുകൾ നിർമിച്ചതായി തുർക്കി ആദ്യമായി അറിയിച്ചത്. വ്യത്യസ്ത മോഡലുകളിൽ പെട്ട ടോഗ് കാറുകൾക്ക് 50,000 ഡോളർ മുതൽ 64,000 ഡോളർ വരെയാണ് വില. 28 മിനിറ്റിനകം കാർ ബാറ്ററി 80 ശതമാനം ചാർജ് ചെയ്യാൻ സാധിക്കും. 
 
2023 July 19GulfcarQatartitle_en: urdogan presented electric car to qatar ameer

By admin

Leave a Reply

Your email address will not be published. Required fields are marked *