കോഴിക്കോട് – ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട വിഷയത്തിൽ സമസ്തയിൽ ഭിന്നാഭിപ്രായമെന്ന റിപ്പോർട്ടുകൾ തള്ളി സമസ്ത നേതൃത്വം. ഏക സിവിൽ കോഡിനെതിരായ നീക്കത്തിൽ ആരുമായും സഹകരിച്ച് പ്രവർത്തിക്കാമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നേതാക്കൾ കൈക്കൊണ്ട തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ജൂലൈ നാലിന് മുസ്‌ലിം ലീഗ് വിളിച്ച വിവിധ മുസ്‌ലിം സംഘടനകളുടെ യോഗത്തിലും ജൂലൈ 15ന് സി.പി.എം കോഴിക്കോട്ട് നടത്തിയ ദേശീയ സെമിനാറിലും സമസ്ത പ്രതിനിധികൾ പങ്കെടുത്തതെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറൽസെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്‌ലിയാരും അറിയിച്ചു.
ചില സംഘടനകൾ ഇനി നടത്താനിരിക്കുന്ന പരിപാടികളിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചതും മുകളിലെ നിലപാടിന്റെ അടിസ്ഥാനത്തിലാണ്. മറിച്ചുള്ള പ്രചാരണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. ജൂലൈ എട്ടിന് ചേർന്ന സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് നിർവാഹക സമിതി യോഗത്തിലും അന്ന് ഉച്ചക്കുശേഷം കോഴിക്കോട്ട് നടന്ന സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളും പോഷക സംഘടന ഭാരവാഹികളും പങ്കെടുത്ത സ്‌പെഷൽ കൺവൻഷനിലും ഇക്കാര്യം പ്രഖ്യാപിച്ചതാണ്.
ഏക സിവിൽ കോഡിനെതിരെ നടന്ന പരിപാടിയിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട് സമസ്തയിൽ ഭിന്നാഭിപ്രായമെന്നത് അടിസ്ഥാനരഹിതമാണെന്നും അത്തരം വാർത്തകളിൽ പ്രവർത്തകർ വഞ്ചിതരാകരുതെന്നും നേതാക്കൾ വ്യക്തമാക്കി.
ഏക സിവിൽകോഡിനെതിരെ സി.പി.എം കോഴിക്കോട്ട് സംഘടിപ്പിച്ച സെമിനാറിൽ സമസ്ത പങ്കെടുത്തത് മുശാവറയുടെ തീരുമാനപ്രകാരമല്ലെന്ന് സമസ്ത നേതാവും വിദ്യാഭ്യാസ വിദഗ്ധനുമായ ഡോ. ബഹാവുദ്ദീൻ മുഹമ്മദ് നദ്‌വി കൂരിയാട് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. സമസ്തയുടെ മുശാവറ യോഗം രണ്ടുമാസം മുമ്പാണ് ചേർന്നത്. അന്ന് ഇത്തരമൊരു വിഷയം ചർച്ചക്ക് വന്നിട്ടില്ല. സമസ്ത ഭാരവാഹികൾ പരസ്പരം ചർച്ച ചെയ്തായിരിക്കും സെമിനാറിൽ പങ്കെടുക്കാൻ തീരുമാനിച്ചത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ മുസ്‌ലിംകളോട് കൊലച്ചതി ചെയ്തവരാണ്. ചരിത്രത്തിൽ വഞ്ചനാപരമായ നിലപാട് സ്വീകരിച്ചവരോട് ഒരിക്കലും യോജിക്കാനാവില്ല. കമ്മ്യൂണിസ്റ്റുകളുമായി കൈകോർക്കുന്ന പാരമ്പര്യം സമസ്തക്കില്ല. സമസ്തയെ ഒന്നും ചെയ്യാൻ സി.പി.എമ്മിന് കഴിയില്ലെന്നും ഡോ. ബഹാവുദ്ദീൻ മുഹമ്മദ് നദ്‌വി പറഞ്ഞിരുന്നു.
സമസ്തയെ പ്രതിനിധീകരിച്ച് സി.പി.എം ദേശീയ സെമിനാറിൽ സംഘടയുടെ സംസ്ഥാന സെക്രട്ടറി കെ ഉമ്മർ ഫൈസി പ്രസംഗിച്ചിരുന്നു. ഏക സിവിൽ കോഡിനെ എതിർക്കാൻ ആര് വിളിച്ചാലും അതിന്റെ മുമ്പിലും പിന്നിലും നിന്ന് യോജിച്ചു പ്രവർത്തിക്കാമെന്നാണ് ഉമ്മർ ഫൈസി പ്രസംഗിച്ചത്. ഇതാണ് സമസ്തയുടെ നിലപാടെന്നും അതാണ് ജിഫ്രി തങ്ങൾ പ്രഖ്യാപിച്ചതെന്നും മറ്റെല്ലാം അപശബ്ദങ്ങളാണെന്നും അതിനെ അവഗണിക്കണമെന്നുമായിരുന്നു ഉമ്മർ ഫൈസിയുടെ ആഹ്വാനം. ഇതിനെ നിറഞ്ഞ കൈയടിയോടെയാണ് ശ്രോതാക്കൾ സ്വീകരിച്ചത്.
2023 July 19KeralaSamastha with explanation in UCCtitle_en: Samasta with explanation in UCC; Leaders that there is no difference of opinion