ആലപ്പുഴ:ഡെങ്കി കേസുകളും മരണങ്ങളും സംസ്ഥാനമൊട്ടാകെ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ രോഗലക്ഷണങ്ങള്‍ അവഗണിക്കാതെ കൃത്യസമയത്ത് ശരിയായ ചികിത്സ തേടണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍. ജില്ലയില്‍ ഡെങ്കിപ്പനിയും എലിപ്പനിയും നിയന്ത്രണവിധേയമാകുന്നില്ല. കഴിഞ്ഞ രണ്ടാഴ്ചക്കിടെ 58 പേർക്ക് ഡെങ്കിപ്പനിയും 21 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. രണ്ട് മരണവും റിപ്പോർട്ട് ചെയ്തു.പുന്നപ്ര നോർത്ത് പഞ്ചായത്തിലാണ് ഡെങ്കിപ്പനിബാധ കൂടുതൽ. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഇവിടെ ഡെങ്കിബാധിച്ചത് 13 പേർക്കാണ്.
ദിവസം ഒരാളെങ്കിലും ഇവിടെ ഡെങ്കിബാധിതനാകുന്നു. പുന്നപ്ര സൗത്തിലും ഡെങ്കിപ്പനിബാധയുണ്ട്. രണ്ടാഴ്ചക്കിടെ ഇവിടെ നാലുപേർക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്.ഇതോടെ ജില്ലയിൽ ആരോഗ്യവകുപ്പ് വീണ്ടും ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സർക്കാർ ആശുപത്രികളിൽ ചികിത്സതേടിയവരുടെ കണക്ക് മാത്രമാണിത്. സ്വകാര്യ ആശുപത്രികളിൽ ചികിത്സിക്കുന്നവരുടെ കണക്ക് കൂടി ചേർത്താൽ ഡെങ്കിബാധിതരുടെ എണ്ണം നൂറുകടക്കും.
പനി, കഠിനമായ ദേഹവേദന, തലവേദന കണ്ണിന് പിറകില്‍ വേദന സന്ധിവേദന തുടങ്ങിയവയാണ് ഡെങ്കിപ്പനിയുടെ പ്രാരംഭലക്ഷണങ്ങള്‍. രോഗബാധിതര്‍ ചികിത്സയോടൊപ്പം പരിപൂര്‍ണ വിശ്രമം എടുക്കണം.
തുടര്‍ച്ചയായ ഛര്‍ദി വയറുവേദന, ശരീരത്തില്‍ ഏതെങ്കിലും ഭാഗത്തുനിന്ന് രക്തസ്രാവം, കറുത്ത മലം, ശ്വാസംമുട്ട്, ശരീരം ചുവന്നു തടിക്കുക, കഠിനമായ ക്ഷീണം ശ്വാസതടസ്സം രക്തസമ്മര്‍ദം താഴുക എന്നിവ അപായസൂചനകളാണ്. എന്തെങ്കിലും അപായസൂചനകള്‍ ഉണ്ടായാല്‍ അടിയന്തരമായി വിദഗ്ധ ചികിത്സ തേടണം.