പാലക്കാട്: വാണിയംകുളത്തെ ജ്വല്ലറിയിൽ നിന്നും അരപവൻ തൂക്കംവരുന്ന സ്വർണ്ണമാല മോഷ്ടിച്ച യുവതി അറസ്റ്റിൽ. പാലക്കാട് തരൂർ സ്വദേശിനിയായ സുജിത(30)യാണ് അറസ്റ്റിലായത്. സ്വർണ്ണം വാങ്ങാനെന്ന വ്യാജേനയെത്തിയ യുവതിയാണ് അരപവൻ തൂക്കം വരുന്ന സ്വർണ്ണമാല ജ്വല്ലറിയിൽ നിന്നും മോഷ്ടിച്ചത്.
ജൂൺ 15നാണ് കേസിനാസ്പദമായ സംഭവം. രാവിലെ 10.47നാണ് യുവതി ജ്വല്ലറിയിൽ എത്തിയത്. സഹോദരിയുടെ കുട്ടിക്കായി സ്വർണ്ണം വാങ്ങാനെന്ന വ്യാജേനയെത്തിയ യുവതി ജീവനക്കാരോട് വിവിധ മോഡൽ മാലകൾ കാണിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
ജീവനക്കാർ മോഡലുകൾ കാണിച്ചപ്പോൾ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് അര വൻതൂക്കം വരുന്ന സ്വർണ്ണമാല യുവതി കൈക്കലാക്കി.
ഒരു അത്യാവശ്യ കാര്യമുണ്ടെന്ന് ജീവനക്കാരോട് പറഞ്ഞ യുവതി എ.ടി.എം. കൗണ്ടറിലേക്കാണെന്നും ഉടനെ വരാമെന്നും പറഞ്ഞ് ജ്വല്ലറിയിൽനിന്നും ഇറങ്ങി പോയി. പേരും വിലാസവും മൊബൈൽ നമ്പറും ചോദിച്ച ജീവനക്കാർക്ക് വ്യാജ മേൽ വിലാസമാണ് പ്രതി നൽകിയത്. അന്നേ ദിവസം വൈകിട്ട് സ്റ്റോക്ക് പരിശോധിക്കുമ്പോഴാണ് മോഷണ വിവരം മനസിലാക്കുന്നത്.
സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് യുവതിയാണ് മോഷണം നടത്തിയതെന്ന് മനസിലായത്. തുടർന്ന് കടയുടമ പോലീസിൽ പരാതി നൽകുകയായിരുന്നു. ഒറ്റപ്പാലം പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. സ്വർണ്ണമാല പട്ടാമ്പിയിലെ ജ്വല്ലറിയിൽ വിറ്റതായും കണ്ടെത്തി. പ്രതിയെ ജ്വല്ലറിയിലെത്തിച്ച് തെളിവെടുത്തു.
എസ്ഐ പ്രവീൺ, എഎസ്ഐ ഗംഗാധരൻ, സിപിഒ മാരായ സജിത്ത്, ഹർഷാദ്എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. അറസ്റ്റിലായ പ്രതിക്ക് വടക്കാഞ്ചേരി തൃശ്ശൂർ എന്നിവിടങ്ങളിൽ സമാനമായ കേസുകളുള്ളതായും പോലീസ് പറഞ്ഞു.