കൊച്ചി: രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാന്‍-3 ഇന്ന് ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍നിന്നാണ് ഉയര്‍ന്നു പൊങ്ങിയത്. എന്നാല്‍ കേരളത്തിലെ ചാനലുകളില്‍ ചന്ദ്രയാന്‍ ദൗത്യം രാവിലെ ആറുമണിയോടെ തന്നെ തുടങ്ങിയിരുന്നു. റേറ്റിങ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പലരും ചന്ദ്രനിലെത്തിയായിരുന്നു റിപ്പോര്‍ട്ട് നല്‍കിയത്.
മലയാളം വാര്‍ത്താ ചാനലുകളുടെ പോര് ഉടനെങ്ങും തീരില്ലെന്നു തന്നെ തെളിയിക്കുന്നതായിരുന്നു ഇന്ത്യയുടെ ചന്ദ്രയാന്‍ ദൗത്യത്തിന്റെ റിപ്പോര്‍ട്ടിങ് ദിനം. എല്ലാ പ്രധാന വാര്‍ത്താചാനലുകളുടെയും പ്രതിനിധികള്‍ ശ്രീഹരിക്കോട്ടയില്‍ എത്തി റിപ്പോര്‍ട്ട് ചെയ്ത ദിനമായിരുന്നു ഇത്. എന്നാല്‍ ചന്ദ്രയാന്‍ വിക്ഷേപണത്തിന് മുന്നേ തങ്ങളുടെ ചാനലിലെ സാങ്കേതിക മികവ് പ്രേക്ഷകര്‍ക്ക് പുറമെ എതിരാളികളെ കൂടി ബോധ്യപ്പെടുത്തുകയായിരുന്നു പല ചാനലുകളുടെയും ലക്ഷ്യം.
രാവിലെ ആറുമണി മുതല്‍ മൂന്നു തവണ വിക്ഷേപണം നടത്തിയാണ് വാര്‍ത്താചാനല്‍ രംഗത്തെ പുതിയ താരോദയം റിപ്പോര്‍ട്ടര്‍ ടിവി എല്ലാവരെയും പിന്നിലാക്കാന്‍ നോക്കിയത്. രാവിലെ മുതല്‍ തങ്ങളുടെ എആര്‍, വിആര്‍,എക്‌സ് ആര്‍ സാങ്കേതിക വിദ്യ തന്നെ പ്രയോഗിച്ചായിരുന്നു ഡോ. അരുണ്‍കുമാറിന്റെ അഭ്യാസം.
ഓഗ്മെന്റ് റിയാലിറ്റി വഴി മൂന്നു തവണ വിക്ഷേപണം നടത്തിയ റിപ്പോര്‍ട്ടര്‍ ചാനല്‍ തങ്ങളാണ് കേമന്‍മാരെന്ന് ഇടയ്ക്കിടെ പ്രേക്ഷകരെ ഓര്‍മ്മപ്പെടുത്തിയിരുന്നു. ഏറ്റവുമൊടുവില്‍ വിക്ഷേപണ വാഹനത്തിനൊപ്പം ലാന്‍ഡര്‍ ഇറങ്ങും മുമ്പേ അവതാരകനും ചന്ദ്രനിലെത്തി. ഇതോടെ എആര്‍ വിആര്‍ സംവിധാനങ്ങളുള്ള 24 ന്യൂസും വിട്ടുകൊടുത്തില്ല.
എല്ലാവിധ ഗ്രാഫിക്‌സ് സംവീധാനത്തോടെ തങ്ങളുടെ സ്റ്റുഡിയോയില്‍ നിന്നും ചന്ദ്രയാന്‍ വിക്ഷേപിക്കാനായിരുന്നു അവരുടെയും തീരുമാനം. ഏഷ്യാനെറ്റ് ന്യൂസും മനോരമയും മാതൃഭൂമിയും വിട്ടുകൊടുത്തില്ല. എല്ലാവരും ഗ്രാഫിക്‌സുമായി രംഗം കൊഴുപ്പിച്ചു. വിക്ഷേപണത്തിന്റെ പ്രത്യേക കവറേജ് എല്ലാ ചാനലും നല്‍കിയതോടെ ചന്ദ്രയാന്‍ തന്നെയായിരുന്നു ചാനല്‍ വിരുന്ന്.
ഇനി ഇതൊക്കെ ആരൊക്കെ കണ്ടു കേട്ടു, ആരാണ് മുന്നില്‍ എന്നൊക്കെ അറിയണമെങ്കില്‍ അടുത്ത ആഴ്ചയ്ക്ക് ശേ്ഷം എത്തുന്ന ബാര്‍ക്ക് റേറ്റിങ് വരെ കാക്കണം.
