കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പിനിടെയുണ്ടായ വ്യാപക ആക്രമണങ്ങളില്‍ ശക്തമായ നടിപടി കൈക്കൊള്ളുമെന്നും വിഷയത്തിൽ സര്‍ക്കാര്‍ കക്ഷി രാഷ്ട്രീയം നോക്കില്ലെന്നും മുഖ്യമന്ത്രി മമത ബാനർജി. വ്യാപക ആക്രമണങ്ങളിൽ 19 പേരാണ് കൊല്ലപ്പെട്ടത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപയും ജോലിയും നൽകുമെന്ന് മുഖ്യമന്ത്രി മമത ബാനർജി പ്രഖ്യാപിച്ചു.
കൊല്ലപ്പെട്ടവരുടെ കണക്കെടുപ്പ് കഴിഞ്ഞപ്പോൾ ആ എണ്ണത്തിലും രാഷ്ട്രീയം കാണുന്ന അവസ്ഥയാണ് ബംഗാളിൽ. 37 പേര്‍ കൊല്ലപ്പെട്ടു എന്നാണ് നേരത്തെ പുറത്തുവന്ന കണക്കുകൾ. എന്നാൽ ഇതി നിഷേധിച്ച മുഖ്യമന്ത്രിയാവട്ടെ കൊല്ലപ്പെട്ടവരില്‍ കൂടുതലും തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നാണെന്നും പറയുന്നു.
‘അക്രമികള്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കും. നിങ്ങള്‍ക്ക് എന്നെ തല്ലാം, പക്ഷേ ബംഗാളിനെ അപകീര്‍ത്തിപ്പെടുത്തരുത്. ബംഗാളിനെ വിഭജിക്കാന്‍ അനുവദിക്കില്ല’- കടുത്ത ഭാഷയിൽ തന്നെയാണ് മമത ഇക്കാര്യം പറഞ്ഞുവച്ചത്.
അക്രമികളെ അമര്‍ച്ച ചെയ്യാന്‍ പൊലീസിന് പൂര്‍ണ പിന്തുണ നല്‍കിയിട്ടുണ്ട്. 71,000 ബൂത്തുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. എന്നാല്‍ 60 ബൂത്തുകളില്‍ താഴെയാണ് അതിക്രമങ്ങള്‍ നടന്നത്. അക്രമ സംഭവങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ വസ്തുതാന്വേഷണ സമിതിയെ നിയോഗിച്ച ബിജെപിയെയും മമത രൂക്ഷമായി വിമര്‍ശിച്ചു.
