കൊച്ചി- പോലീസുദ്യോഗസ്ഥന്‍ ചമഞ്ഞ് സാമ്പത്തിക തട്ടിപ്പ് നടത്തിയ റിട്ടയേഡ് എസ്പി: സുനില്‍ ജേക്കബിനെതിരെ കേസെടുത്ത് പോലീസ്. സോഫ്റ്റ് വെയര്‍ റൈറ്റ്‌സ് തട്ടിപ്പിനിരയായി രണ്ട് കേസില്‍ പണം നഷ്ടപ്പെട്ടയാള്‍ക്ക് പ്രതികളില്‍ നിന്നും പണം വാങ്ങിത്തരാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ കാലടി പോലീസാണ് സുനില്‍ ജേക്കബ്ബിനെതിരെ കേസെടുത്തത്. സോഫ്റ്റ് വെയര്‍ റൈറ്റ്‌സ് വില്‍പനയിലൂടെ ലക്ഷങ്ങള്‍ ലാഭമുണ്ടാക്കാമെന്നു പറഞ്ഞ് ചൊവ്വര സ്വദേശിയില്‍ നിന്ന് മൂന്നു കോടി ഇരുപത്തിയഞ്ച് ലക്ഷം രൂപതട്ടിയ കേസില്‍ ഇടനിലക്കാരനായി നിന്ന് തട്ടിപ്പുകാരുടെ പക്കല്‍ നിന്ന പണം തിരികെ വാങ്ങിത്തരാമെന്ന് പറഞ്ഞായിരുന്നു സുനില്‍ ജേക്കബ് തട്ടിപ്പ് നടത്തിയത്. ഒരു കേസില്‍ ആറ് ലക്ഷത്തി ഇരുപതിനായിരത്തോളം രൂപയും മറ്റൊരു കേസില്‍ അമ്പതിനായിരം രൂപയും റിട്ടയേഡ് എസ്.പി സുനില്‍ ജേക്കബ് തട്ടിയെടുത്തു.
കൊച്ചി സിറ്റി പോലീസില്‍ ഡിവൈ എസ് പിയായി വിരമിച്ച സുനില്‍ ജേക്കബ് ഇന്‍വിസിബിള്‍ സ്പൈ വര്‍ക്ക് എന്ന പേരില്‍ സ്വകാര്യ ഡിറ്റക്ടീവ് ഏജന്‍സി നടത്തുകയാണ്. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷന്റെ എതിര്‍വശത്താണ് ഇതിന്റെ ഓഫീസ്. ഉന്നതങ്ങളില്‍ സ്വാധീനമുണ്ടെന്നും, പല കേസുകളും തീര്‍പ്പാക്കിയിട്ടുണ്ടെന്നും പണം പോയ ആളെ സുനില്‍ ജേക്കബ് പറഞ്ഞ് വിശ്വസിപ്പിച്ചു. നഷ്ടപ്പെട്ട തുകയുടെ മുപ്പതു ശതമാനമാണ് കമ്മീഷനായി സുനില്‍ ജേക്കബ്ബ് ആവശ്യപ്പെട്ടത്. വ്യവസ്ഥകള്‍ കാണിച്ച് എഗ്രിമെന്റ് തയ്യാറാക്കിയിരുന്നു. അക്കൗണ്ട് വഴിയും നേരിട്ടുമാണ് പരാതിക്കാരന്‍ പണം നല്‍കിയത്. കലൂരിലുള്ള ഫ്‌ലാറ്റില്‍ വച്ചാണ് പരാതിക്കാരന്‍ സുനില്‍ ജേക്കബ്ബിനെ കണ്ടതെന്നും, എസ്.പിയാണെന്ന് പറഞ്ഞാണ് പരിചയപ്പെടുത്തിയതെന്നും പരാതിയില്‍ പറയുന്നു. പണം നഷ്ടപ്പെട്ടതിന് തന്റെ സ്വകാര്യ ഡിറ്റക്ടീവ് ഏജന്‍സി പരിഹാരം ഉണ്ടാക്കിത്തരുമെന്ന് പറഞ്ഞ് അമ്പതിനായിരം രൂപയും വാങ്ങി. സമാന സ്വഭാവമുള്ള മറ്റൊരു കേസിലേക്ക് ആറ് ലക്ഷത്തി ഇരുപതിനായിരത്തോളം രൂപയും തട്ടിയെടുത്തു. കബളിപ്പിക്കട്ടെന്നറിഞ്ഞ ചൊവ്വര സ്വദേശി പണം തിരികെ ആവശ്യപ്പെട്ടെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറി ചതിക്കുകയായിരുന്നു. ഇയാളില്‍ നിന്ന് സമാനമായ തട്ടിപ്പ് നേരിട്ടവര്‍ 0484 2462360 (കാലടി പി.എസ്) എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
2023 July 9KeralaCrimecasetitle_en: case against former dysp