വിഴിഞ്ഞത്ത് മണ്ണ് നീക്കം ചെയ്യുന്നതിനിടെ മണ്ണിടിഞ്ഞുവീണ് കിണറ്റിൽ അകപ്പെട്ട മഹാരാജന്റെ മൃതദേഹം പുറത്തെടുത്തു

തിരുവനന്തപുരം: വിഴിഞ്ഞത്ത് മണ്ണ് നീക്കം ചെയ്യുന്നതിനിടെ മണ്ണിടിഞ്ഞുവീണ് കിണറ്റിൽ അകപ്പെട്ട തൊഴിലാളി മഹാരാജന്റെ മൃതദേഹം പുറത്തെടുത്തു. 50 മണിക്കൂറിലേറെ പിന്നിട്ട ദൗത്യത്തിന് ഒടുവിലാണ് ഇയാളുടെ മൃതദേഹം പുറത്തെടുത്തത്. ആലപ്പുഴയിൽ നിന്നെത്തിയ 25 അംഗ ദേശീയ ദുരന്ത നിവാരണ സംഘവും ഇത്തരം സന്ദർഭങ്ങളിൽ രക്ഷാപ്രവർത്തനം നടത്താറുള്ള കൊല്ലം പൂയപ്പള്ളിയിലെ വിദഗ്ധ കിണർ പണിക്കാരും ദൗത്യത്തിൽ പങ്കാളികളായിരുന്നു.

മണ്ണിടിച്ചിലും നീരൊഴുക്കും പ്രതിരോധിക്കാൻ എത്തിച്ച ലോഹനിർമിത വളയങ്ങളിൽ ഒരെണ്ണം ഇറക്കിയെങ്കിലും അതിനടിയിലൂടെ വീണ്ടും മണ്ണിടിച്ചിലും നീരൊഴുക്കും ഉണ്ടായതോടെ സംഘാംഗങ്ങൾ തിരികെക്കയറി. ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ പരിശീലനം നേടിയ വിദഗ്ധനും അഗ്നിരക്ഷാ സേനയുടെ ടാസ്ക് ഫോഴ്സും കിണറ്റിലിറങ്ങി പരിശോധിച്ചു. ഏതാനും അടി പിന്നിട്ടാൽ മഹാരാജന്റെ അടുക്കലെത്താമെന്നു കണ്ടെത്തിയെങ്കിലും വീണ്ടും മണ്ണിടിയാമെന്നതിനാൽ തിരികെ കയറി. വൈകിട്ട്, കിണറിന്റെ അടിത്തട്ടിലെ പമ്പുമായി ബന്ധിച്ച കയർ കണ്ടെത്തി.
കയർ മുകളിലേക്ക് വലിച്ചുകയറ്റിയാൽ ഒപ്പം മഹാരാജനെ പുറത്തെത്തിക്കാമെന്ന പ്രതീക്ഷ ഉദിച്ചതോടെ ചെയിൻപുള്ളി എന്ന ഉപകരണവും കപ്പിയും കയറുകളും ഉപയോഗിച്ചു നൂറുകണക്കിനു പേർ കരയിൽ നിന്നു വലിച്ച് മണ്ണിനടിയിൽ കിടക്കുന്ന പമ്പ് ഇളക്കാൻ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടർന്നാണ് വിദഗ്ധ സംഘത്തെ എത്തിക്കാൻ തീരുമാനമായത്.
മണ്ണു നീക്കം ചെയ്ത് 80 അടിയോളം താഴ്ച വരെ എത്തിയ രക്ഷാപ്രവർത്തകർ ഇന്നലെ രാവിലെ മഹാരാജന്റെ ഒരു കൈ കണ്ടെന്ന് അറിയിച്ചത് പ്രതീക്ഷയ്ക്കു വക നൽകിയെങ്കിലും പിന്നാലെയുണ്ടായ മണ്ണിടിച്ചിലും നീരൊഴുക്കും രക്ഷാപ്രവർത്തനത്തെ ബാധിച്ചു. ശനിയാഴ്ച രാവിലെ മുക്കോല പീച്ചോട്ടുകോണം റോഡിനു സമീപത്തെ വീട്ടിൽ 90 അടി ആഴമുള്ള കിണറ്റിലെ മണ്ണ് നീക്കം ചെയ്യുന്നതിനിടയിലാണ് വെങ്ങാനൂർ നെല്ലിയറത്തലയിൽ താമസിക്കുന്ന തമിഴ്നാട് പാർവതിപുരം സ്വദേശി മഹാരാജനു (55) മേൽ മണ്ണിടിഞ്ഞു വീണത്.

By admin

Leave a Reply

Your email address will not be published. Required fields are marked *