തിരുവനന്തപുരം: മുതലപ്പൊഴിയിൽ മന്ത്രിമാരെ തടഞ്ഞ സംഭവത്തിൽ ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ. യൂജിൻ പെരേരയ്ക്കെതിരെ കേസെടുത്തു. അഞ്ചുതെങ്ങ് പോലീസാണ് കലാപഹ്വാനത്തിനും റോഡ് ഉപരോധത്തിനും കേസെടുത്തത്. കൂടാതെ കണ്ടാലറിയാവുന്ന 50ലധികം പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്
അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരു മത്സ്യത്തൊഴിലാളി മരിക്കുകയും മൂന്നു പേരെ കാണാതാകുകയും ചെയ്തിരുന്നു.
ഇതിനു പിന്നാലെ സ്ഥലം സന്ദർശിക്കാനെത്തിയ മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്റണി രാജു, ജി.ആർ. അനിൽ എന്നിവർക്കെതിരേ നാട്ടുകാർ പ്രതിഷേധമുയർത്തിയത്. ഇതേത്തുടർന്നു മന്ത്രിമാർക്കു മടങ്ങേണ്ടി വന്നു.
രക്ഷാപ്രവർത്തനം വൈകുന്നുവെന്ന് ആരോപിച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. പിന്നീട് നാട്ടുകാർ തീരദേശ പാത ഉപരോധിക്കുകയും ചെയ്തു. സ്ഥലത്തുണ്ടായിരുന്ന ഫാ. യൂജിൻ പെരേരയാണ് മന്ത്രിമാരെ തടയാൻ നാട്ടുകാരെ പ്രേരിപ്പിച്ചതെന്ന് മന്ത്രി വി. ശിവൻകുട്ടി ആരോപിച്ചിരുന്നു.
