ചിന്നക്കനാലിലെത്തിയ അരിക്കൊമ്പന്‍ ഫാന്‍സിനെ നാട്ടുകാര്‍ തടഞ്ഞതായി പരാതി. അനിമല്‍സ് ആന്‍ഡ് നേച്ചര്‍ എത്തിക്സ് കമ്മ്യൂണിറ്റി എന്ന സംഘടനയിലെ പ്രവര്‍ത്തകരാണ് തങ്ങളെ തടഞ്ഞുവെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കിയത്. ദേവികുളത്ത് സംഘടിപ്പിച്ച സമര പരിപാടികളുടെ ഭാഗമായാണ് സംഘം ചിന്നക്കനാലിലെത്തിയത്.

അരിക്കൊമ്പനോട് ചെയ്തത് അനീതിയാണെന്ന് ആരോപിച്ച് ഈ മാസം പതിനെട്ടിന് ദേവികുളത്ത് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുന്നുണ്ട്. ഇതിന് മുന്നോടിയായി സ്ഥലം സന്ദര്‍ശിക്കുന്നതിനാണ് സ്ത്രീകള്‍ അടക്കമുള്ള സംഘം ദേവികുളത്ത് എത്തിയത്. അരിക്കൊമ്പനുണ്ടായിരുന്ന ചിന്നക്കനാലില്‍ എത്തി ഊരുമൂപ്പന്‍മാരെ കാണുകയായിരുന്നു ലക്ഷ്യം. 301 കോളനി സന്ദര്‍ശിക്കാനുള്ള ശ്രമത്തിനിടെ നാട്ടുകാര്‍ തടഞ്ഞുവെന്നാണ് പരാതി. ഇതോടെ സംഘടനാ പ്രവര്‍ത്തകര്‍ മൂന്നാര്‍ ഡി.വൈ.എസ്.പിക്ക് പരാതി നല്‍കുകയായിരുന്നു.

എന്നാല്‍ ആരെയും തടഞ്ഞിട്ടില്ലെന്നും കയ്യേറ്റക്കാരായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളെ അംഗീകരിക്കാനാകില്ലെന്നുമാണ് നാട്ടുകാരുടെ നിലപാട്. ചിന്നക്കനാലില്‍ നിന്ന് അരിക്കൊമ്പനെ പിടികൂടി മാറ്റിയതിന് പിന്നാലെ ആനയെ അതിന്റെ ആവാസ വ്യവസ്ഥയില്‍ തുറന്ന് വിടണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *