കെകെ രമ നല്‍കിയ മാനനഷ്ടക്കേസ്; സച്ചിന്‍ദേവിനും ദേശാഭിമാനിക്കും നോട്ടീസ്

കോഴിക്കോട്: കെ കെ രമ എംഎല്‍എയുടെ പരാതിയില്‍ സച്ചിന്‍ദേവ് എംഎല്‍എയ്ക്കും ദേശാഭിമാനിക്കും കോടതി നോട്ടീസ്. നിയമസഭാ സംഘര്‍ഷവുമായി ബന്ധപ്പെട്ട് തനിക്കെതിരെയുണ്ടായ അപകീര്‍ത്തി പ്രചാരണത്തില്‍ കെ കെ രമ നേരത്തെ ഇരുവര്‍ക്കും വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. നോട്ടീസിന് മറുപടി നല്‍കാത്ത സാഹചര്യത്തിലാണ് മാനനഷ്ടക്കേസില്‍ കോഴിക്കോട് ജില്ലാ കോടതി വീണ്ടും നോട്ടീസ് അയച്ചത്.
മാര്‍ച്ച് 15 ന് നിയമസഭയിലുണ്ടായ കയ്യാങ്കളിയില്‍ കെ കെ രമയുടെ കൈക്ക് പരിക്കേറ്റതിനെ സച്ചിന്‍ദേവ് എംഎല്‍എ, സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ പരിഹസിച്ചിരുന്നു. ഈ പ്രസ്താവന പിന്‍വലിക്കാന്‍ വക്കീല്‍ നോട്ടീസ് അയച്ചിട്ടും മറുപടി നല്‍കാത്ത സാഹചര്യത്തിലാണ് മാനനഷ്ട കേസ് നല്‍കിയത്.
നിയമസഭയില്‍ സ്പീക്കറുടെ ഓഫീസ് ഉപരോധത്തിനിടെ വാച്ച് ആന്‍ഡ് വാര്‍ഡ് പിടിച്ചുമാറ്റാന്‍ ശ്രമിച്ചപ്പോഴാണ് രമയുടെ വലതുകൈക്ക് പരിക്കേറ്റത്. തുടര്‍ന്ന് നിയമസഭയിലെ ഡോക്ടറെ കണ്ടശേഷം ജനറല്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. അവിടെ ഓര്‍ത്തോ വിഭാഗം ഡോക്ടര്‍ പരിശോധിച്ച ശേഷം പ്ലാസ്റ്റര്‍ ഇടാന്‍ നിര്‍ദേശിച്ചു. എന്നാല്‍ കൈ മാറി പ്ലാസ്റ്ററിട്ടു എന്നായിരുന്നു സച്ചിന്‍ ദേവിന്റെ പരിഹാസം. ഇടതുകൈയിലെ തിരുമുറിവ് വലതുകൈയ്യിലേക്ക് മാറിപോകുന്ന ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍ സിനിമയിലെ സീന്‍ പങ്കുവെച്ചായിരുന്നു സച്ചിന്‍ദേവ് കെ കെ രമയുടെ ചിത്രം പങ്കുവെച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *