ഏക സിവിൽ കോഡിൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിനുള്ളിലും യുഡിഎഫിന്റെ ഘടകകക്ഷികൾക്ക് ഉള്ളിലും അഭിപ്രായവ്യത്യാസം തുടരുന്നതിടെ യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന് ചേരും. രാവിലെ 10.30ന് പ്രതിപക്ഷ നേതാവിൻ്റെ ഔദ്യോഗിക വസതിയിലാണ് യോഗം ചേരുക.

ഏക സിവിൽ കോഡ് വിഷയം സി.പി.എം രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്നാണ് കോൺഗ്രസ് ആക്ഷേപം. പക്ഷേ യു.ഡി.എഫിലെ പ്രധാനപ്പെട്ട ഘടകകക്ഷിയായ ലീഗിലെ പ്രധാന നേതാക്കൾ ഇത് അംഗീകരിക്കുന്നില്ല. അതുകൊണ്ടുതന്നെ സിപിഎം സെമിനാറിലേക്ക് ലീഗിനെ ക്ഷണിച്ചതും യോഗത്തിൽ ഉന്നയിക്കപ്പെട്ടേക്കും. കൂടാതെ കോൺഗ്രസിനുള്ളിലെ തർക്കങ്ങളിൽ ലീഗിന് അതൃപ്തിയുണ്ട്. ലീഗ് നേതൃക്യാംപിൽ ഇത് സംബന്ധിച്ച് വിമർശനം ഉയർന്നിരുന്നു. യു.ഡി.എഫ് യോഗത്തിൽ ഇക്കാര്യം ലീഗ് ഉന്നയിക്കുമെന്നാണ് വിവരം.

അതൃപ്തികൾ ഉണ്ടെങ്കിലും ഏക സിവിൽ കോഡ് വിഷയത്തിൽ കോൺഗ്രസിനൊപ്പം എന്ന നിലപാടാണ് ലീഗ് സ്വീകരിച്ചത്. കഴിഞ്ഞ ദിവസം ചേർന്ന നേതൃയോഗം ഏക സിവിൽ കോഡിനെതിരെ സിപിഐഎം നടത്തുന്ന സെമിനാറിൽ ലീഗ് പങ്കെടുക്കേണ്ടതില്ല എന്ന് തീരുമാനിച്ചിരുന്നു. സിവിൽ കോഡിനെതിരെ കൂടുതൽ മുസ്ലിം സംഘടനകളും രംഗത്തുണ്ട്. ഏക സിവില്‍ കോഡ് രാജ്യത്തിന്റെ ഭദ്രതയെ തകര്‍ക്കുമെന്നും ഭിന്നതകള്‍ മറന്ന് എല്ലാവരും യോജിച്ചു നില്‍ക്കണമെന്നും കേരള മുസ്ലീം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ കഴിഞ്ഞ ദിവസം പറഞ്ഞു. സിപിഐഎം സെമിനാറില്‍ പങ്കെടുക്കുന്നതില്‍ തീരുമാനം പിന്നീട് അറിയിക്കുമെന്നും സെമിനാറില്‍ ലീഗ് പങ്കെടുക്കാത്തത് എന്ത് കൊണ്ടെന്ന് അവരാണ് പറയേണ്ടതെന്നും കാന്തപുരം പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *