മസ്ക്കറ്റ്: ഒമാൻ റിയാലിന്റെ വിനിമയ നിരക്കിൽ വീണ്ടും വർധനവ്. ഒരു ഒമാൻ റിയാലിന് 214.50 രൂപയാണ് ഇന്നത്തെ എക്സ്ചേഞ്ച് വില. വിനിമയ നിരക്കിന്റെ പോർട്ടലായ എക്സ് ഇ എക്സ്ചേഞ്ച് ആണ് നിരക്ക് വെളിപ്പെടുത്തിയത്. റിയാലിന്റെ നിരക്ക് ഉയർന്നതോടെ എക്സ്ചേഞ്ച് സ്ഥാപനങ്ങളിൽ പണം അയക്കാൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.
കുറച്ച് ദിവസങ്ങളായി ഒമാൻ റിയാലിന്റെ വിനിമയ നിരക്ക് കുറഞ്ഞായിരുന്നു നിന്നിരുന്നത്. മെയ് മാസത്തിൽ നിരക്ക് കൂടിയശേഷം ജൂൺ മാസത്തിൽ കുറയുകയായിരുന്നു. മേയ് 22ന് വിനിമയ നിരക്ക് 215ന് അടുത്ത് എത്തിയിരുന്നത് ജൂൺ 16ന് കുറഞ്ഞ് 212.20ൽ എത്തിയിരുന്നു. പിന്നീട് ജൂലൈയുടെ തുടക്കത്തോടെ ചെറിയ തോതിൽ വർധനവുണ്ടാകുകയായിരുന്നു.
അമേരിക്കൻ ഡോളറിന്റെ മൂല്യം വർധിച്ചതാണ് ഇന്ത്യൻ രൂപയുടെ മൂല്യം തകരാനും വിനിമയ നിരക്ക് ഉയരാനും പ്രധാന കാരണം. അന്താരാഷ്ട്ര മാർക്കറ്റിൽ അസംസ്കൃത എണ്ണവില വർധിക്കുന്നതും വിനിമയ നിരക്ക് ഉയരാൻ കാരണമാണ്.
കഴിഞ്ഞ വ്യാഴാഴ്ച 82.60 രൂപയായിരുന്ന ഒരു ഡോളറിന്റെ വില വെള്ളിയാഴ്ച രൂപയുടെ മൂല്യം എട്ടു പൈസ കുറഞ്ഞപ്പോൾ ഡോളറിന്റെ വില 82.68 രൂപയിലെത്തി. ലോകത്തിലെ ആറ് രാജ്യങ്ങളുടെ മൂല്യത്തെ അപേക്ഷിച്ചാണ് ഡോളർ ഇൻഡക്സ് കണക്കാക്കുന്നത്.
