കണ്ണൂർ ∙ സാമൂഹികസുരക്ഷാ പെൻഷൻ ഗുണഭോക്താക്കളുടെ എണ്ണത്തിൽ 3 വർഷത്തിനിടെ 11 ലക്ഷത്തിന്റെ കുറവ്. ബയോമെട്രിക് മസ്റ്ററിങ്, വരുമാനപരിധി നിബന്ധന എന്നിവയിലൂടെയാണ് ഇത്രയും പേരെ ഒഴിവാക്കിയത്. മരിച്ചവരുടെ പേരിൽ ബന്ധുക്കൾ പെൻഷൻ കൈപ്പറ്റുന്നത് ഒഴിവാക്കാനാണ് ബയോമെട്രിക് മസ്റ്ററിങ് നിർബന്ധമാക്കിയത്.

2020 ഫെബ്രുവരി വരെ സംസ്ഥാനത്തു സാമൂഹികസുരക്ഷാ പെൻഷൻ വാങ്ങിയിരുന്നത് 46,37,092 പേരാണ്. 2020ൽ മസ്റ്ററിങ് കഴിഞ്ഞതോടെ ഇത് 43,37,189 ആയി കുറഞ്ഞു. വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള സമയപരിധി ഇക്കഴിഞ്ഞ ഫെബ്രുവരി 28ന് അവസാനിച്ച ശേഷം ഗുണഭോക്തൃ പട്ടിക വീണ്ടും പുതുക്കിയപ്പോൾ പെൻഷന് അർഹതയുള്ളവരായി ബാക്കിയുള്ളത് 34,97,795 പേരാണ്. മൂന്നു വർഷത്തിനിടെ 11,39,297 പേരുടെ കുറവ്.
ഇതുവഴി പ്രതിമാസം 180 കോടി രൂപയിലേറെ രൂപയാണ് സർക്കാരിന്റെ ‘ലാഭം’. അടുത്തഘട്ട ബയോമെട്രിക് മസ്റ്ററിങ് ഇപ്പോൾ നടക്കുകയാണ്. ജൂലൈ 31വരെയാണ് സമയം. ഇതുകൂടി പൂർത്തിയാകുന്നതോടെ ഗുണഭോക്താക്കളുടെ എണ്ണം വീണ്ടും കുറയുമെന്നാണു കണക്കുകൂട്ടൽ.
അർഹരല്ലാത്തവരെ കർശന നടപടികളിലൂടെ ഒഴിവാക്കാൻ സാധിച്ചെങ്കിലും മസ്റ്ററിങ്ങിനു ഹാജരാകാത്തതിന്റെ പേരിൽ അർഹരായ ഒട്ടേറെപ്പേർ പട്ടികയ്ക്കു പുറത്തായിട്ടുമുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *