വീട്ടുകാർ ഉറങ്ങിയെണീറ്റപ്പോൾ മുന്നിൽ ‘പ്രളയം’; വാട്ടർ അതോറിറ്റി പൈപ്പ് പൊട്ടി വീടാകെ വെള്ളത്തിലായി

തിരുവനന്തപുരം: പാൽക്കുളങ്ങരയിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വീടിനുള്ളിൽ വെള്ളം കയറി. പാൽക്കുളങ്ങര സ്വദേശി വിജയൻ നായരുടെ വീടിനുള്ളിലാണ് രണ്ടടിയോളം ഉയരത്തിൽ വെള്ളം കയറിയത്. ഫയർഫോഴ്‌സ് എത്തി വെള്ളം പമ്പ് ചെയ്യുന്നതിനുള്ള ജോലികൾ അവസാന ഘട്ടത്തിലാണ്. ഇന്ന് പുലർച്ചെ അഞ്ചരയോടെ ഉറക്കമുണർന്ന വീട്ടുകാർ കാൽ നിലത്തുകുത്തിയപ്പോഴാണ് വീടിനുള്ളിൽ നിറയെ വെള്ളം കയറിയ അവസ്ഥ തിരിച്ചറിഞ്ഞത്.
ജപ്പാൻ കുടിവെള്ള പദ്ധതിക്ക് വേണ്ടി വീടിന് മുന്നിൽ ഒരാഴ്ച മുൻപ് സ്ഥാപിച്ച പൈപ്പ് യോജിപ്പിച്ചിടത്താണ് സമ്മർദം കൂടി പൊട്ടൽ വീണത്. ഇതോടെ വീടിനുള്ളിലും പരിസരത്തും വെള്ളം അതിവേഗം നിറഞ്ഞു. വീടിനുള്ളിൽ നിന്ന് പൂർണമായി വെള്ളം പുറത്തേക്ക് പമ്പ് ചെയ്തുകളഞ്ഞു. ഇനി വീടിൻറെ പരിസരത്തുള്ള വെള്ളമാണ് പുറത്തേക്കൊഴുക്കാൻ ബാക്കിയുള്ളത്.
കനത്ത മഴയിൽപ്പോലും വെള്ളം കെട്ടിനിൽക്കാത്ത വീട്ടിലാണ് കുടിവെള്ളത്തിനായി ഇട്ട പൈപ്പ് പൊട്ടി വെള്ളം നിറഞ്ഞത്. വെള്ളം പൂർണമായി ഒഴുക്കിക്കളഞ്ഞാലും ചെളി നിറഞ്ഞ വീട് ഇനി വൃത്തിയാക്കിയെടുക്കുക എന്ന ശ്രമകരമായ ദൗത്യമാണ് വീട്ടുകാരുടെ മുന്നിലുള്ളത്. ഇതിനായുള്ള പ്രവൃത്തികളിലാണ് ഇവർ.

By admin

Leave a Reply

Your email address will not be published. Required fields are marked *