കൊച്ചി: വീട്ടിൽ ഒളിച്ചിരുന്ന വീട്ടമ്മയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച കള്ളനെ മണിക്കൂറുകൾക്കകം പിടികൂടി പൊലീസ് നായ ലൂസി. കീറിയ ഷർട്ടിന്റെ മണം പിടിച്ച് പ്രതിയുടെ വീട്ടിലേക്ക് ലൂസി എത്തുകയായിരുന്നു. നാട്ടുകൽ താമരച്ചിറ സി വിജയകുമാറിനെ (36) പോലീസ് അറസ്റ്റ് ചെയ്തു പാലക്കാട് നല്ലേപ്പിള്ളിയിലാണ് സംഭവമുണ്ടായത്.
കഴിഞ്ഞദിവസം പുലർച്ചെ അഞ്ചരയോടെ നല്ലേപ്പിള്ളി മാനാംകുറ്റിയിലാണ് മോഷണ ശ്രമം നടന്നത്. വീടിനു സമീപത്തുള്ള ഷെഡ്ഡിൽ പശുവിനെ കറക്കാൻ പോയതായിരുന്നു ഉഷാകുമാരി. ഇതിനിടെ സമീപത്ത് പതുങ്ങിയിരുന്ന പ്രതി മാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. പിടിവലിയും ബഹളവുമായതോടെ വീട്ടുകാരും സമീപവാസികളും ഉണർന്നു. ഇതിനിടെ സ്വർണ്ണമാല കയ്യിൽ നിന്നും താഴെ വീണതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
സ്ഥലത്തെത്തിയ ചിറ്റൂർ പോലീസും ഡോഗ് സ്‌ക്വാഡും നടത്തിയ പരിശോധനയിൽ പിടിവലിക്കിടെ കീറിപ്പറിഞ്ഞ പ്രതിയുടെ ഷർട്ടിൻ്റെ ഭാഗം കണ്ടെത്തി. ഷർട്ടിൻ്റെ ഭാഗം മണം പിടിച്ച ലൂസി നെൽപ്പാടങ്ങളും കൈത്തോടുകളും കടന്ന് തോട്ടങ്ങളിലൂടെയും മറ്റും സഞ്ചരിച്ചാണ് പ്രതിയുടെ വീട്ടിലെത്തിയത്. ലാബ്രഡോർ ഇനത്തിൽപ്പെട്ട ലൂസി മുൻപ് മാവോയിസ്റ്റ് പരിശോധന സംഘത്തിലായിരുന്നു. പിന്നീടാണ് ലൂസിയെ കുറ്റവാളികളെ കണ്ടെത്തുന്നതിനായി ഉപയോഗിച്ചു തുടങ്ങിയത്.