തിരുവനന്തപുരം: മണിമല നദിയിലെ കല്ലൂപ്പാറ സ്റ്റേഷൻ, അച്ചൻകോവിൽ നദിയിലെ തുമ്പമൺ സ്റ്റേഷൻ എന്നിവിടങ്ങളിൽ ജലനിരപ്പ് അപകട നിരപ്പിനേക്കാൾ കൂടുതലായതിനാൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കേന്ദ്ര ജല കമ്മീഷനാണ് മുന്നറിയിപ്പ് നൽകിയത്. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
അടുത്ത 3 മണിക്കൂറിൽ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മിതമായതോ നേരിയതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. മൺസൂൺ പാത്തി അതിന്റെ സാധാരണ സ്ഥാനത്ത് നിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുകയാണ്. തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ തീരദേശ ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നു.
ചക്രവാതച്ചുഴി നിലവിൽ ജാർഖണ്ഡിന് മുകളിലാണ് സ്ഥിതി ചെയ്യുന്നത്. വടക്ക് കിഴക്കൻ അറബിക്കടലിൽ ഗുജറാത്ത് തീരത്തിനു സമീപം മറ്റൊരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്.
