ഏക സിവിൽകോഡ് ഫാസിസത്തിലേക്കുള്ള യാത്ര; പ്രതിരോധിക്കാന്‍ യോജിക്കാവുന്ന എല്ലാവരുമായി യോജിക്കും: എം വി ഗോവിന്ദൻ മാസ്റ്റര്‍

രാജ്യത്തെ ഫാസിസത്തിലേക്ക്‌ നയിക്കുന്ന ഏക സിവിൽ കോഡിനെതിരെ യോജിക്കാവുന്ന എല്ലാ വിഭാഗവുമായി യോജിച്ച്‌ മുന്നോട്ടു പോകുമെന്ന്‌ സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റര്‍. കേന്ദ്രസർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്ന ഏക സിവിൽകോഡ്‌ ഇന്ത്യയുടെ നിലനിൽപ്പുമായുള്ള പ്രശ്‌നമാണ്‌. അത്‌ കക്ഷി രാഷ്‌ട്രീയമല്ല. അത്‌ ഫാസിസത്തിലേക്കുള്ള യാത്രയാണ്‌.

അതിനെ പ്രതിരോധിക്കാൻ യോജിക്കാവുന്ന മുഴുവൻ കക്ഷികളുമായി ചേർന്ന്‌ അതിവിശാലമായ ഐക്യപ്രസ്ഥാനമാണ്‌ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലീഗിനോട്‌ തൊട്ടുകൂടായ്‌മയില്ല. ലീഗ്‌ എടുക്കുന്ന ഏതു ശരിയായ നിലപാടിനെയും സി പി ഐ എം പിന്തുണയ്‌ക്കും. മുമ്പും പിന്തുണച്ചിട്ടുണ്ട്‌. ഇപ്പോഴും പിന്തുണയ്‌ക്കും. ഇനിയും പിന്തുണയ്‌ക്കും. മുന്നണിയിൽ പ്രവേശിക്കുന്നത്‌ സംബന്ധിച്ച്‌ ലീഗാണ്‌ നിലപാട്‌ സ്വീകരിക്കേണ്ടത്‌. അതനുസരിച്ച്‌ കാര്യങ്ങൾ തീരുമാനിക്കുമെന്നും തൃശൂർ രാമനിലയത്തിൽ മധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്‌ മറുപടി നൽകവേ അദ്ദേഹം പറഞ്ഞു.
ഏക സിവിൽകോഡ്‌ പറ്റില്ലെന്ന്‌ തന്നെയാണ്‌ ഇ എം എസ്‌ നേരത്തേ പറഞ്ഞിട്ടുള്ളത്‌. അന്നത്തെ ഇ എം എസിന്‍റെ ലേഖനം കൃത്യമായി വായിക്കാത്തവരാണ്‌ തെറ്റായ പ്രചാരണം നടത്തുന്നത്‌. ഏക സിവിൽ കോഡിനെതിരായി മുന്നോട്ട്‌ വരാൻ തയ്യാറുള്ള, മതമൗലികവാദികളും, ഇതുവരെ വ്യക്തതയില്ലാത്ത കോൺഗ്രസും ഒഴികേയുള്ള എല്ലാ വിഭാഗങ്ങളുമായി യോജിച്ച്‌ മുന്നോട്ട്‌ പോകുകതന്നെ ചെയ്യും.

കോഴിക്കോട്‌ വച്ച്‌ സി പി ഐ എം സംഘടിപ്പിച്ചിട്ടുള്ള ദേശീയ സെമിനാറിൽ യോജിക്കാവുന്ന എല്ലാ വിഭാഗത്തെയും ക്ഷണിച്ചിട്ടുണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *