ചെറുതോണി: വിദേശത്തു ജോലി വാഗ്ദാനം ചെയ്ത് മുന്നൂറോളം പേരിൽ നിന്നായി നാലുകോടി രൂപ തട്ടിയെടുത്തെന്ന കേസിൽ 2 പേരെ അറസ്റ്റ് ചെയ്തു.
കാനഡ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ഇസ്രയേല്‍ എന്നീ രാജ്യങ്ങളില്‍ ജോലി വാഗ്‌ദാനം ചെയ്‌താണ് മുന്നൂറോളം ഉദ്യോഗാര്‍ഥികളില്‍നിന്നായി ഇവർ നാലു കോടി രൂപയോളം തട്ടിയെടുത്തത്.
അങ്കമാലിയിൽ പ്രവർത്തിക്കുന്ന ഹൈസോൺ കൺസൽറ്റൻസി പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ഇടുക്കി മുരിക്കാശേരി സ്വദേശി ഹിനോ ലിനിൽ മാളിയേക്കൽ (38), സ്ഥാപനത്തിന്റെ ഏജന്റായി പ്രവർത്തിച്ച പതിനാറാംകണ്ടം സ്വദേശി പുന്നംതടത്തിൽ ഷിജോമോൻ (40) എന്നിവരാണു പിടിയിലായത്.
സ്ഥാപനത്തിന്റെ ചെയർമാനും ഹിനോയുടെ ഭർത്താവുമായ ലിനിൽ മാളിയേക്കൽ (40) വിദേശത്തേക്കു കടന്നതായി അന്വേഷണസംഘത്തിനു വിവരം ലഭിച്ചു.
കാനഡ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ഇസ്രയേൽ എന്നിവിടങ്ങളിൽ ജോലിക്കു വീസ നൽകാമെന്നു വിശ്വസിപ്പിച്ച് അപേക്ഷകരിൽനിന്നു 2 മുതൽ 12 ലക്ഷം രൂപ വരെ വാങ്ങി കബളിപ്പിച്ചെന്നാണു പരാതി.
മുരിക്കാശേരി പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ജില്ലാ പൊലീസ് മേധാവി വി.യു.കുര്യാക്കോസിന്റെ നിർദേശപ്രകാരം ഇടുക്കി ഡിവൈഎസ്പി ജിൽസൺ മാത്യുവിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.
മുരിക്കാശേരി എസ്എച്ച്ഒ എൻ.എസ്.റോയി, എസ്ഐ സാബു തോമസ്, എഎസ്ഐ ജോർജ്കുട്ടി, സീനിയർ സിപിഒമാരായ കെ.ആർ.അനീഷ്, ശ്രീജിത് ശ്രീകുമാർ, ജയേഷ് ഗോപി, സിപിഒമാരായ എൽദോസ്, സംഗീത എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
