‘തൊഴിലെടുക്കാനും സ്വസ്ഥമായി ജീവിക്കാനും കഴിയാത്ത അവസ്ഥ’; ശ്രീകണ്ഠാപുരം സ്വദേശിയുടെ പരാതിയില്‍ ‘തൊപ്പി’ക്കെതിരെ കേസ്

കൊച്ചി: യൂട്യൂബര്‍ മുഹമ്മദ് നിഹാദിനെതിരെ വീണ്ടും കേസ്. ശ്രീകണ്ഠപുരം സ്വദേശി സജി സേവ്യറുടെ പരാതിയില്‍ ശ്രീകണ്ഠാപുരം പൊലീസാണ് തൊപ്പി എന്ന മുഹമ്മദ് നിഹാദിനെതിരെ കേസെടുത്തിരിക്കുന്നത്. മുഹമ്മദ് നിഹാദ് കാരണം തൊഴിലെടുക്കാനും കുടുംബത്തിനൊപ്പം സ്വസ്ഥമായി ജീവിക്കാനും കഴിയാത്ത അവസ്ഥയാണെന്നാണ് സജി സേവ്യര്‍ പരാതിയില്‍ പറയുന്നത്.

കമ്പിവേലി നിര്‍മിച്ചുനല്‍കി ഉപജീവനം നടത്തുന്ന ആളാണ് സജി സേവ്യര്‍. കമ്പിവേലി നിര്‍മിച്ച് നല്‍കുമെന്ന് കാണിച്ച് വൈദ്യുതി തൂണിലും മറ്റും ഇദ്ദേഹം ഫോണ്‍ നമ്പര്‍ സഹിതം ചെറിയ ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ഇതിന് പിന്നാലെ മുഹമ്മദ് നിഹാദ് സജി സേവ്യറിനെ മൊബൈലില്‍ വിളിക്കുകയും അശ്ലീലം പറയുകയും ചെയ്തു. യാതൊരു പ്രകോപനവുമില്ലാതെയാണ് ഇതെന്നാണ് സജി പറയുന്നത്. ഇതിന് പുറമേ സജിയുമായുള്ള ഫോണ്‍ സംഭാഷണവും അദ്ദേഹത്തിന്റെ നമ്പറും മുഹമ്മദ് നിഹാദ് യൂട്യൂബില്‍ നല്‍കുകയും ചെയ്തു.
അതിന് ശേഷം നിരവധിപ്പേരാണ് സജി സേവ്യറിന്റെ ഫോണില്‍ വിളിച്ച് അശ്ലീലം പറയാന്‍ തുടങ്ങിയത്. തന്നെ വിളിക്കുന്നതില്‍ ഭൂരിപക്ഷവും 11നും 16നും ഇടയില്‍ പ്രായമുള്ളവരാണ് എന്ന് സജി സേവ്യര്‍ പറയുന്നു. തുടര്‍ന്ന് ഏപ്രില്‍ 17ന് സജി സേവ്യര്‍ ശ്രീകണ്ഠപുരം പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ ആദ്യം പൊലീസ് കേസെടുക്കാന്‍ തയ്യാറായില്ല. അശ്ലീല പദപ്രയോഗത്തിന്റെ പേരില്‍ മുഹമ്മദിനെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ സജി സേവ്യര്‍ വീണ്ടും പൊലീസിനെ സമീപിക്കുകയായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *