വെഞ്ഞാറമൂട്: പഞ്ചായത്തിലെ വനിതകൾ ഉൾപ്പടെയുള്ള ജീവനക്കാരെ അസഭ്യം പറയുകയും അധിക്ഷേപിക്കുകയും ചെയ്തെന്ന പരാതിയിൽ നെല്ലനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ കേസെടുത്തു. കീഴായിക്കോണം സോമനെതിരെ വെഞ്ഞാറമൂട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഗ്രാമപഞ്ചായത്ത് സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് പഞ്ചായത്ത് കാര്യാലയത്തിൽ വെച്ച് ജീവനക്കാർക്കുനേരെ വൈസ് പ്രസിഡൻറ് അസഭ്യവർഷം നടത്തിയത്. ഇയാൾ പഞ്ചായത്ത് ഓഫീസിൽ വെച്ച് പരസ്യമായി അധിക്ഷേപിക്കുന്ന രീതിയിൽ സംസാരിക്കുന്നത് പതിവായിരുന്നെന്നും പരാതിയിൽ പറയുന്നു.
ജീവനക്കാർ ഏറെനാളായി വൈസ് പ്രസിഡന്റിനെതിരെ ആരോപണം ഉന്നയിച്ച് വരികയായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞദിവസം ഇയാളുടെ ഭാഗത്തുനിന്ന് മോശമായ അനുഭവം ജീവനക്കാർക്കുണ്ടായത്. വിഷയത്തിൽ പ്രതിഷേധിച്ച് പഞ്ചായത്ത് ജീവനക്കാർ രണ്ടു മണിക്കൂറോളം പണിമുടക്കി. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് ജീവനക്കാർ പരാതി നൽകിയിട്ടുണ്ട്.
