ആലപ്പുഴ; കനത്ത മഴയിൽ ജില്ലയിലെ ജലാശങ്ങളിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ബോട്ടിങ് നിർത്തിവയ്‌ക്കാൻ കളക്ടറുടെ നിർദേശം. ശിക്കാര വള്ളങ്ങള്‍, മോട്ടര്‍ ബോട്ടുകള്‍, മോട്ടര്‍ ശിക്കാരകള്‍, സ്പീഡ് ബോട്ടുകള്‍, കയാക്കിങ് ബോട്ടുകള്‍ എന്നിവയുടെ സർവീസ് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവയ്ക്കാനാണ് കളക്ടറുടെ ഉത്തരവ്.
വെമ്പനാട്ട് കായലിലേയും മറ്റു ജലാശയങ്ങളിലേയും ജലനിരപ്പ് ഉയരുന്നതിനാൽ ബോട്ട് സർവീസ് നടത്തുന്നത് സുരക്ഷിതമല്ലെന്ന് ഡിടിപിസി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി.
കുട്ടനാട്ടിൽ ജലനിരപ്പ് ഉയരുന്നത് ഭീഷണിയാകുന്നുണ്ട്. ഹരിപ്പാട് ആറാട്ടുപുഴയിൽ കടലാക്രമണം രൂക്ഷമാണ്. ഇതു വഴിയുള്ള കെഎസ്ആര്‍ടിസി സർവീസുകൾ നിർത്തി.അമ്പലപ്പുഴ–തിരുവല്ല സംസ്ഥാനപാതയില്‍ വെള്ളം കയറി. ചക്കുളത്തുകാവ് മുതല്‍ പൊടിയാടി വരെ കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തി.
മുൻകരുതലിന്റെ ഭാഗമായി കുട്ടനാട് താലൂക്കിലെ അങ്കണവാടികളും പ്രഫഷനൽ കോളജുകളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചു. ദുരിതാശ്വാസ ക്യാംപുകൾ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകൾക്കും അവധി ബാധകമാണ്.