ആലപ്പുഴ- ഇന്നലെ പെയ്ത മഴയിലും കാറ്റിലും നഗരത്തിലും സമീപപ്രദേശങ്ങളിലും ചിലയിടത്ത് മരങ്ങൾ വീണ് വീടുകൾക്ക് നാശനഷ്ടമുണ്ടായി. കുതിരപന്തിയിൽ റോഡിന് സമീപം നിന്നിരുന്ന മാവ് റോഡിലേക്ക് വീണു. അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. അഗ്നിശമനസേന എത്തിയാണ് മരം മുറിച്ച് നീക്കിയത്.
രണ്ട് ദിവസമായി തുടർച്ചയായി പെയ്യുന്ന മഴക്ക് ഇന്ന് ശമനമുണ്ട്. സമീപ ജില്ലകളിൽ ശക്തമായ മഴയുള്ളതിനാലും പമ്പ, മണിമല, അച്ചൻകോവിൽ ആറുകളുടെ ജലനിരപ്പ് ഉയരുന്നതിനാലും ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ സ്‌കുളുകൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചിരുന്നു. ടൂഷൻ സെന്ററുകൾക്കും അംഗൻവാടികൾക്കും അവധി ബാധകമാണ്. മുൻ നിശ്ചയിച്ച പരിക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്ന് കളക്ടർ ഫെയ്‌സ്ബുക്കിൽ അറിയിച്ചു.
ലജനത്ത് വാർഡിൽ വട്ടപ്പള്ളി പട്ടേരിപറമ്പിൽ റിയാസ് കബീറിന്റെ വീട്ടിലേക്ക് തെങ്ങ് വീണു. റിയാസിന്റെ ഭാര്യ സിജിമോളും മൂന്ന് മക്കളുമാണ് സംഭവസമയം വീട്ടിലുണ്ടായിരുന്നത്. വീടിന്റെ മേൽക്കൂര തകർന്നു.
റെയിൽവേസ്‌റ്റേഷൻ വാർഡിൽ ബൈപാസ് നിർമാണത്തിന്റെ ഭാഗമായി കോൺക്രീറ്റ് തൂണിനായി താഴ്ത്തിയ ഭാഗത്ത് വെള്ളക്കെട്ട് രൂപപ്പെട്ടു. ഇങ്ങനെ സഭവിക്കുമെന്ന് മുമ്പ് നാട്ടുകാർ ദേശീയപാതാ അതോറിറ്റിയെ അറിയിച്ചിരുന്നതാണ്. എന്നാൽ ബൈപാസ് പദ്ധതിയുടെ രൂപരേഖയുടെ ഭാഗമായി പൊഴിയിൽ മാത്രമേ തൂണ് താഴ്ത്താൻ കഴിയൂ എന്നായിരുന്നു അധികൃതരുടെ നിലപാട്. ശക്തമായ കാറ്റിൽ കേരള ഫിനാൻഷ്യൽ കോർപറേഷൻ വളപ്പിലെ പാഴ്മരം സമീപത്ത് പ്രവർത്തിക്കുന്ന കയർതൊഴിലാളി ക്ഷേമനിധി ഓഫീസ് കെട്ടിടത്തിന് മുകൡലേക്ക് ചാഞ്ഞ് അപകടാവസ്ഥയിൽ നിൽക്കുകയാണ്. ദിവസവും നൂറോളം പേർ വന്നു പോകുന്ന ഓഫീസാണ് ഇത്. വിവരം കളകടറെ അറിയിച്ചതിനെതുടർന്ന് വില്ലേജ് ഓഫീസർ സ്ഥലം സന്ദർശിച്ച് പോയതല്ലാതെ മരം മുറിച്ച് നീക്കിയിട്ടില്ല.
2023 July 6Keralatitle_en: Alappuzha rain