തൊടുപുഴ: ഇടുക്കിയില്‍ മലയോര മേഖലകളിലൂടെയുള്ള രാത്രി യാത്ര വൈകിട്ട് 7 മുതല്‍ പുലര്‍ച്ചെ 6 വരെ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചു. ജില്ലാ കലക്ടറാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.
കാലവര്‍ഷവുമായി ബന്ധപ്പെട്ട് ഇടുക്കിയില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. മലയോര മേഖലകളില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യത നിലനില്‍ക്കുന്നതിനാലാണ് രാത്രി യാത്ര നിരോധിച്ചത്.
ഉത്തരവ് നടപ്പാക്കുന്നതിനായി ജില്ലാ പോലീസ് മേധാവി, സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റുമാര്‍, റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍, തഹസില്‍ദാര്‍മാര്‍ എന്നിവരെ ചുമതലപ്പെടുത്തി.