മൂവാറ്റുപുഴ∙ മൂവാറ്റുപുഴയാറിൻ തീരമാകെ മത്സ്യക്കൊയ്ത്തിന്റെ ആഘോഷവുമായി ഊത്തമീൻ ചാകര എത്തി. കാലവർഷത്തിന്റെ തുടക്കത്തിൽ ജലാശയങ്ങളിൽ പ്രത്യക്ഷമാകുന്ന ഊത്തമീൻ ചാകര ഇക്കൊല്ലം വൈകിയാണ് എത്തിയതെങ്കിലും പ്രതീക്ഷയോടെ കാത്തിരുന്നവർക്ക് കൈനിറയെ മീൻ കിട്ടി.
തിങ്കളാഴ്ച രാത്രിയാണ് വാളകം, പെരുവംമൂഴി ഭാഗത്ത് ഊത്തമീൻ ചാകര പെയ്തിറങ്ങിയത്. 20 കിലോ വരെ തൂക്കമുള്ള വാള മത്സ്യങ്ങളാണ് ഊത്തമീൻ ചാകരയിൽ താര മത്സ്യം. വലുപ്പവും തൂക്കവുമുള്ള വാള പണം കൊടുത്ത് സ്വന്തമാക്കാൻ കൂടുതൽ പേർ എത്തിയതോടെ മീൻ പിടിക്കാൻ ഇറങ്ങിയവർക്കു കൈനിറയെ പണം കിട്ടി. 10,15 കിലോ തൂക്കമുള്ള വാള മത്സ്യങ്ങളും ധാരാളം കിട്ടി.
എന്നാൽ മഞ്ഞക്കൂരിയാണ് ഊത്തമീൻ ചാകരയിൽ ഏറ്റവും കൂടുതൽ കിട്ടിയത്. ഇവയെ കൂടാതെ കുറുവ, പരൽ, വഴുത, വരാൽ തുടങ്ങിയ മത്സ്യങ്ങളും ഇത്തവണ ഊത്തമീൻ ചാകരയിൽ ഉണ്ട്. വാള മീൻ 500, മഞ്ഞക്കൂരി 350, വഴുത മീൻ 300, കുറുവ 250, പരൽ 200, വരാൽ 400 എന്നിങ്ങനെയാണു പെരുവംമൂഴിയിൽ മത്സ്യങ്ങളുടെ വില.മീനുകൾ വിൽപനയ്ക്കു വച്ചപ്പോൾ വാളകം പെരുവംമൂഴി ഭാഗത്ത് മീൻ വാങ്ങാൻ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.