ആലപ്പുഴ ∙ തൊഴിലുറപ്പു പദ്ധതിയിൽ നിർമാണ പ്രവർത്തനങ്ങൾക്കായി സാമഗ്രികൾ വാങ്ങിയ വകയിൽ കുടിശികയായതു കോടികൾ. കേന്ദ്ര സർക്കാരിൽനിന്നുള്ള വിഹിതം ലഭിക്കാത്തതാണു കാരണം. മാർച്ച് വരെയുള്ള തുക കൊടുത്തിട്ടുണ്ടെന്നും അതിനു ശേഷമുള്ള 3 മാസത്തേതാണു കിട്ടാനുള്ളതെന്നും അധികൃതർ പറയുന്നു. ഈയിനത്തിൽ സംസ്ഥാനത്ത് ആകെ 220 കോടി കിട്ടാനുണ്ടെന്നും അധികൃതർ പറഞ്ഞു. പണം അനുവദിക്കാൻ നടപടി തുടങ്ങിയെന്നാണു വിവരം. ഈ മാസം തന്നെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
ചില ബ്ലോക്കുകളിൽ വേതനം ഇനത്തിലും വൻതുക കുടിശികയുണ്ട്. പദ്ധതിയിൽ ഏറ്റെടുത്തിരുന്ന നടപ്പാത നിർമാണം പോലുള്ള പണികൾ പോലും വലിയ തുക കുടിശികയായതോടെ മുടങ്ങി. തൊഴുത്ത്, ആട്ടിൻകൂട്, കോഴിക്കൂട് തുടങ്ങിയ വ്യക്തിഗത പദ്ധതികളിൽ ഏറ്റെടുക്കുന്ന നിർമാണവും മുടങ്ങി. കുടിശിക പെരുകിയതോടെ സാമഗ്രികൾ നൽകാൻ കരാറുകാർ തയാറാകുന്നുമില്ല.