‘ഞങ്ങൾക്ക് ജീവിക്കണം, കടൽഭിത്തിയില്ലാതെ ഇനി പറ്റില്ല’, പൊന്നാനിയിൽ സബ് കളക്ടറെ തടഞ്ഞ് പ്രതിഷേധം

പൊന്നാനി : ‘ഞങ്ങൾ നികുതിയടയ്ക്കുന്നവരല്ലേ, ഞങ്ങൾക്ക് ജീവിക്കാൻ അവകാശമില്ലേ’, കടൽഭിത്തിക്കുവേണ്ടി പ്രതിഷേധിക്കുന്ന പൊന്നാനി തീരമേഖലയിലെ ജനങ്ങളുടെ വാക്കുകളാണ്. 25 വർഷമായി കടൽഭിത്തിക്കായി ആവശ്യമുന്നയിക്കുന്നുവെങ്കിലും ഈ തീരപ്രദേശത്ത് ഇന്നും കടൽഭിത്തിയില്ല. കനത്ത നാശനഷ്ടമാണ് ഇവിടുത്തെ ജനങ്ങൾ ഓരോ മഴക്കാലത്തും നേരിടുന്നത്. മഴ ശക്തമായതോടെ ഹിളർപള്ളി, വെളിയംകോട് മേഖലയിലെ ആളുകൾ ബന്ധുവീടുകളിലേക്ക് മാറാൻ നിർബന്ധിതരായിരിക്കുകയാണ്.
ജനങ്ങളുടെ പ്രതിഷേധം ശക്തമായതോടെ തിരൂർ സബ് കളക്ടർ സച്ചിൻ കുമാർ യാദവിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവ സ്ഥലം സന്ദർശിച്ചു. ഇത്രയേറെ പ്രശ്നമുണ്ടായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് നാട്ടുകാർ ആരോപണം ഉയർത്തുന്നതിനിടെയാണ് സബ് കളക്ടറുടെ സന്ദർശനം. എന്നാൽ രോഷാകുലരായ ജനങ്ങൾ സന്ദർശനത്തിനെത്തിയ സബ് കളക്ടറെ തടഞ്ഞു. ആളുകൾ വാഹനത്തിന് ചുറ്റും കൂടി പ്രതിഷേധിച്ചതോടെ സബ് കളക്ടർക്ക് വാഹനത്തിൽ നിന്ന് പുറത്തിറങ്ങാനായില്ല. നാട്ടുകാർ ഇവരെ മടങ്ങിപ്പോകാൻ അനുവദിക്കാതെ റോഡ് ഉപരോധിച്ചു.
ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മലപ്പുറത്ത് മഴ കുറവാണ്. എന്നാൽ തീരദേശ മേഖലയിൽ വലിയതോതിലുള്ള നാശനഷ്ടമുണ്ടായി. 13 വീടുകളിൽ വെള്ളം കയറി. മഴക്കെടുതി രൂക്ഷമായിട്ടും ഈ മേഖലയിൽ നിന്ന് ആളുകളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. പ്രതിഷേധക്കാരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. പൊന്നാനി തീരദേശ മേഖലയിൽ മഴ കനത്ത നാശനഷ്ടമാണ് ഉണ്ടാക്കുന്നത്. ഇവരുടെ കൃഷിയും വീടുമടക്കം നശിക്കുന്നതാണ് ഇവിടുത്തെ സ്ഥിരം കാഴ്ച. ‘ഞങ്ങൾ അക്രമകാരികളല്ല, 25 വർഷത്തെ ആവശ്യമാണ് ഉന്നയിക്കുന്നത്’ എന്നാണ് ജനങ്ങൾ പ്രതിഷേധത്തിനിടെ പറഞ്ഞുകൊണ്ടിരിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *