ആലപ്പുഴ∙ ജില്ലയിൽ എലിപ്പനി ബാധിതനായ ഒരാൾ കൂടി മരിച്ചു. വെളിയനാട് നീതുസദനത്തിൽ സി.ജി.നടേശൻ (62) ആണ് മരിച്ചത്. ജൂൺ 24 മുതൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ രണ്ടു മാസത്തിനിടെ ജില്ലയിൽ എലിപ്പനി ബാധിച്ചുള്ള മരണം രണ്ടായി. കഴിഞ്ഞ മാസം പള്ളിപ്പുറം പഞ്ചായത്തിൽ എലിപ്പനി മരണം റിപ്പോർട്ട് ചെയ്തിരുന്നു.
ഡെങ്കിപ്പനിക്കു പിന്നാലെ ജില്ലയിൽ എലിപ്പനിയും പടരുകയാണ്. ജൂണിൽ 23 പേർക്കാണു രോഗം ബാധിച്ചത്. ഇന്നലെ മാത്രം 3 പേർക്കു സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിൽ ഒരാൾക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചു. പനിക്കു ചികിത്സ തേടിയ ആലപ്പുഴ സ്വദേശിയായ ഇരുപത്തിയഞ്ചുകാരനാണ് എച്ച്1എൻ1 ഉള്ളതായി പരിശോധനയിൽ വ്യക്തമായത്. ആലപ്പുഴ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ 561 പേർ പനിക്കു ചികിത്സ തേടി. 2 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.