ഉദയത്തിനും അസ്തമയത്തിനും ഒരേ നിറമാണ്, പ്രണയത്തിനും വിപ്ലവത്തിനും അതേ നിറംതന്നെ. ചുവപ്പ് – കനൽ ചുവപ്പ്, ഞരമ്പിലോടുന്നതും ഒരേ ചുവപ്പ്, ഒരുവളെ അടയാളപ്പെടുത്തുന്നതും അതേ ചുവപ്പ്. ചുവപ്പിനെ നെഞ്ചോടു ചേർക്കുന്നവർക്കിടയിലേക്ക് ഒരു ചുവന്ന പാട്ട്. ‘മാജിക്കൽ മൊമന്റ്സ്’ എന്ന സിനിമയിലെ ചുവപ്പുപാട്ടാണ് കഴിഞ്ഞ ദിവസം ആസ്വാദക മനസ്സുകളിലേക്കു പെയ്തിറങ്ങിയത്. സംഗീത സംവിധാനം മെജോ ജോസഫ്. മനു മഞ്‌ജിത്തിന്റെ രചനയിൽ സിതാര കൃഷ്ണകുമാർ, യാസിൻ നിസാർ എന്നിവർ പാടിയ പാട്ടിന്റെ ലിറിക്കൽ വിഡിയോ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു.

ബേസിൽ ജോസഫ്, ശബരീഷ് വർമ, ലിയോണ ലിഷോയി, മധു, വിഷ്ണു ഗോവിന്ദ്, അരുൺ കുമാർ, വിഷ്ണു വിനയ്, ജിനോ ജോൺ, ഷാജു ശ്രീധർ, ജയകൃഷ്ണൻ, കൈലാഷ്, സാജൻ പള്ളുരുത്തി, മറിമായം മണി, ദിവ്യദർശൻ, രാധാകൃഷ്ണൻ ചാക്യാർ, സേതുലക്ഷ്‌മി അമ്മ, അനീറ്റ ജോസ്‌ പോൾ, ഗായത്രി രമ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്.
ഫിലിപ്പ് കാക്കനാട്, ശബരീഷ് ബാലസുബ്രഹ്‌മണ്യൻ, ചാൾസ്. ജെ, പ്രജോദ് തുടങ്ങിയവർ ഒരുമിച്ചാണ് സംവിധാനം. ലൈവ് ആക്ഷൻ ഫിലിംസിന്റെ ബാനറിൽ ശബരീഷ് ബാലസുബ്രഹ്‌മണ്യനാണ് നിർമാണം. സഹനിർമാതാക്കൾ ഉദിത്ത് മോഹൻ, ജെസ്സ്‌ലോ ആന്റണി, ഫെബിൻ കണിയാലിൽ, ബിനീഷ് ബാലുശ്ശേരി. സെപ്‌റ്റംബറിൽ തിയറ്റർ റിലീസ് ആകുന്ന ചിത്രത്തിന്റെ ഡിജിറ്റൽ അവകാശവും വിതരണവും സ്വന്തമാക്കിയിരിക്കുന്നത് ക്ലോസ് ഷോട്ട്  എന്റർടെയിൻമെന്റ്സ് ആണ്. ചിത്രത്തിന്റെ വാർത്ത വിതരണം ഹസീന ഹസി.

By admin

Leave a Reply

Your email address will not be published. Required fields are marked *