തിരുവനന്തപുരം: രാജ്യത്ത് ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ ലാഭം കൊയ്യാൻ ശ്രമിക്കുന്ന സംഘപരിവാർ ശക്തികളുടെ അതേ പാതയിലാണ് കേരളത്തിൽ സി.പി.എം സഞ്ചരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കുറ്റപ്പെടുത്തി. എക സിവിൽകോഡ് ഒരു മുസ്ലിം വിഷയമായാണ് ചിത്രീകരിക്കുന്നത്. ഇത് രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളെയും ബാധിക്കുന്ന വിഷയമായാണ് കോൺഗ്രസ് ഇതിനെ കാണുന്നതെന്നും അതിനനുസരിച്ചുള്ള വിശാലമായ സമീപനമാണ് ഞങ്ങൾ സ്വീകരിക്കുന്നതെന്നും വി.ഡി.സതീശൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
എക സിവിൽ കോഡിനെതിരെ പ്രക്ഷോഭം നടത്താൻ ചില മുസ്ലിം സംഘടനകളെ മാത്രം തിരഞ്ഞെടുത്ത് വിളിക്കുന്ന സി.പി.എം നിലപാട് രാഷ്ട്രീയ ലാഭം മുൻനിർത്തിയാണ്. അവരുടെ പാർട്ടിയുടെ താത്വികാചാര്യൻ ഇം.എസ്.എസിന്റെ നിലപാട് എന്തായിരുന്നു ഇക്കാര്യത്തിൽ എന്ന് എല്ലാവർക്കുമറിയാം. 87 ലെ തെരെഞ്ഞെടുപ്പിൽ അവരെടുത്ത നിലപാട് ഏക സിവിൽ കോഡ് നടപ്പാക്കണമെന്നായിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷനെ കൊണ്ട് ഏകസിവിൽ കോഡിന് വേണ്ടി സമരത്തിന് ആഹ്വാനം ചെയ്യിക്കുകയായിരുന്നു ഇം.എം.എസ് ചെയ്തത്.
ഒരു ചേരിതിരിവുണ്ടാക്കി ഭൂരിപക്ഷ വിഭാഗങ്ങളുടെ വോട്ട് ഏകീകരിക്കാനുള്ള സി.പി.എം ശ്രമത്തിന്റെ ഭാഗമായിരുന്നു ഏക സിവിൽകോഡും ശരീഅത് നിയമത്തിന് എതിരായ നിലപാടും. എന്നാൽ, ഇപ്പോൾ മലക്കം മറിച്ചിലാണ് കാണാൻ കഴിയുന്നത്. അന്നത്തെ ഇം.എംസിന്റെ നിലപാടിൽ നിന്നും 87 ലെ നിലപാടിൽ നിന്നും സി.പി.എം പിന്നോട്ടുപോയോ എന്ന് വ്യക്തമാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. ഇം.എം.എസിന്റെ നിലപാട് തെറ്റായിരുന്നവെന്ന് സി.പി.എം കേരളത്തിലെ ജനങ്ങളോട് തുറന്ന് പറയാൻ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന് എകസിവിൽ കോഡിൽ ഒരു വ്യക്തതകുറവുമില്ല. കൃത്യമായ നിലപാട് തുടക്കം മുതൽ സ്വീകരിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. ഒരു ദേശീയ പാർട്ടിയായത് കൊണ്ട് സമരം പ്രഖ്യാപിക്കുമ്പോൾ ദേശീയ തലത്തിലെ കൂടിയാലോചനകൾക്ക് ശേഷമേ സ്വീകരിക്കാനാകൂവെന്നും വി.ഡി.സതീശൻ പറഞ്ഞു.
ശബരിമല വിഷയത്തിൽ ഞങ്ങളുടെ നിലപാട് എന്തായിരുന്നോ അത് തന്നെയാണ് സിവിൽ കോഡ് വിഷയത്തിലും. മതവിഭാഗങ്ങളിലെ നവീകരണം അതാത് മതവിഭാഗങ്ങളിൽ തന്നെയാണ് വരേണ്ടത്. സ്റ്റേറ്റ് അതിൽ ഇടപെടാൻ പാടില്ലായെന്നാണ് കോൺഗ്രസ് പറയുന്നതെന്നും സതീശൻ വ്യക്തമാക്കി.
