പത്തനംതിട്ട: സ്വർണ മാല വാങ്ങാനെന്ന പേരിൽ ജ്വല്ലറിക്കുള്ളിൽ കയറിയ യുവാവ് നാല് പവന്റെ മാലയുമായി കടന്നു കളഞ്ഞു. പത്തനംതിട്ടയിലാണ് സംഭവം. പുല്ലാട് ജംങ്ഷനിലുള്ള സ്വർണക്കടയിൽ ജീവനക്കാർ ബില്ല് തയ്യാറാക്കുന്നതിനിടെ ഇയാൾ മാലയുമായി ജ്വല്ലറിയുടെ വാതിൽ തുറന്നു ഓടി രക്ഷപ്പെടുകയായിരുന്നു.
ജീവനക്കാർ പിന്നാലെ എത്തുമ്പോഴേക്കും ഇയാൾ സമീപത്ത് പാർക്ക് ചെയ്ത ബൈക്കിൽ കടന്നുകളഞ്ഞു. കറുത്ത ഷർട്ടും വെള്ള മുണ്ടും ധരിച്ചു കടയിലെത്തിയ യുവാവ് മാല തിരഞ്ഞെടുത്ത ശേഷം ബില്ലെടുക്കാൻ നിർദ്ദേശിച്ചു.
ജീവനക്കാർ ബില്ല് തയ്യാറാക്കുന്നിടെ കാഷ് കൗണ്ടറിലേക്ക് എത്തിയ യുവാവ് മാലയുടെ ചിത്രം മൊബൈലിൽ പകർത്തണമെന്നു ആവശ്യപ്പെട്ടു. ചിത്രം പകർത്തുന്നതിനിടെയാണ് യുവാവ് മാലയുമായി വാതിൽ തുറന്നു പുറത്തേക്ക് ഓടിയത്.
മോഷ്ടാവ് സഞ്ചരിച്ച ബൈക്കിന്റെ നമ്പർ പ്ലേറ്റ് മറച്ച നിലയിലായിരുന്നു. കോയിപ്രം പൊലീസ് സ്ഥലത്തെത്തി സിസിടിവിയിൽ പതിഞ്ഞ യുവാവിന്റെ ദൃശ്യങ്ങൾ പരിശോധിച്ചു.
