ബംഗളൂരു -അതിഥി ടീമായ കുവൈത്തിനെ സഡന്‍ഡെത്തില്‍ തോല്‍പിച്ച് ആതിഥേയരും നിലവിലെ ചാമ്പ്യന്മാരുമായ ഇന്ത്യ സാഫ് ഫുട്‌ബോള്‍ കിരീടം നിലനിര്‍ത്തി. കുവൈത്ത് ക്യാപ്റ്റന്‍ ഖാലിദ് ഹാജിയയുടെ ഷോട്ട് രക്ഷിച്ച ഗോളി ഗുര്‍പ്രീത് സിംഗ് സന്ധുവാണ് ഇന്ത്യയുടെ ഹീറോ. നിശ്ചിത സമയത്ത് 1-1 സമനിലയായ മത്സരത്തില്‍ എക്‌സ്ട്രാ ടൈമിന്റെ ആദ്യ പകുതി വരെ പിന്നീട് ഗോള്‍ പിറന്നില്ല. പതിനാലാം മിനിറ്റില്‍ കുവൈത്ത് ലീഡ് നേടിയെങ്കിലും മുപ്പത്തെട്ടാം മിനിറ്റില്‍ ലാലിന്‍സുവാല ചാംഗ്‌ടെയിലൂടെ ഇന്ത്യ തിരിച്ചടിക്കുകയായിരുന്നു. സെമി ഫൈനലില്‍ ഷൂട്ടൗട്ടിലാണ് ലെബനോനെ ഇന്ത്യ മറികടന്നത്. 
ഷൂട്ടൗട്ടില്‍ ഇന്ത്യയുടെ കിക്കെടുത്ത സുനില്‍ ഛേത്രിയും സന്ദേശ് ജിംഗനും ലാലിന്‍സുവാല ചാംഗ്‌ടെയും സ്‌കോര്‍ ചെയ്തു. കുവൈത്തിന്റെ ആദ്യ കിക്ക് തന്നെ പിഴച്ചു. അല്‍ഉതൈബിയുടെ ഷോട്ട് ക്രോസ്ബാറിന് തട്ടിത്തെറിച്ചു. അല്‍ഉതൈബിയും അല്‍ദഫീരിയും ലക്ഷ്യം കണ്ടു. ഉദാന്ത സിംഗ് ഉയര്‍ത്തിയടിച്ചത് കുവൈത്തിന് പിടിവള്ളിയായി. മഹ്‌റാന്‍ സ്‌കോര്‍ 3-3 ആക്കി. സുഭാശിഷ് ബോസിന്റെ ഷോട്ടിലൂടെ ഇന്ത്യ 4-3 ലീഡ് നേടി. അല്‍ഖാലിദിയും ലക്ഷ്യം കണ്ടതോടെ സഡന്‍ഡെത്തിലേക്ക് ഷൂട്ടൗട്ട് നീങ്ങി. സഡന്‍ഡെത്തില്‍ മഹേഷ് സിംഗ് ഗോള്‍ നേടിയെങ്കിലും ഹാജിയയെ തടഞ്ഞ് ഗുര്‍പ്രീത് ഇന്ത്യക്ക് വിജയം സമ്മാനിച്ചു. 
തുടക്കം മുതല്‍ ഇന്ത്യയാണ് ആക്രമിച്ചത്. നാലാം മിനിറ്റില്‍ ഹെഡറിലൂടെ സുനില്‍ ഛേത്രി കുവൈത്ത് ഗോളി അബ്ദുറഹ്മാന്‍ മര്‍സൂഖിനെ പരീക്ഷിച്ചു. പക്ഷെ ആദ്യം ഗോളടിച്ചത് കുവൈത്താണ്. മുബാറക് അല്‍ഫനീനിയും അബ്ദുല്ല അല്‍ബലൂഷിയും കൈമാറി വന്ന പന്ത് ബോക്‌സിലേക്ക് ലഭിക്കുമ്പോള്‍ ശബൈബ് അല്‍ഖാലിദി മാര്‍ക്ക് ചെയ്യപ്പെടാതെ നില്‍ക്കുകയായിരുന്നു. ഖാലിദി അവസരം പാഴാക്കിയില്ല. മിനിറ്റുകള്‍ക്കകം ഇന്ത്യ ഗോള്‍ മടക്കേണ്ടതായിരുന്നു. ചാംഗ്‌ടെയുടെ ലോഗ്‌റെയ്ഞ്ചര്‍ കൈയിലൊതുക്കുന്നതില്‍ ഗോളി പരാജയപ്പെട്ടു. എന്നാല്‍ ഛേത്രി ചാടിവീഴുമ്പോഴേക്കും ഖാലിദ് ഹാജിയ അടിച്ചകറ്റി. മുപ്പത്തഞ്ചാം മിനിറ്റില്‍ അന്‍വര്‍അലി പരിക്കേറ്റ് പിന്മാറിയത് ഇന്ത്യക്ക് ക്ഷീണമായി. മെഹ്താബാണ് പകരമിറങ്ങിയത്. തൊട്ടുപിന്നാലെ മലയാളി കളിക്കാരായ ആശിഖ് കുരുണിയനും സഹല്‍ അബ്ദുല്‍സമദും ക്യാപ്റ്റന്‍ ഛേത്രിക്കൊപ്പം നടത്തിയ നീക്കമാണ് ഇന്ത്യയുടെ മറുപടി ഗോളില്‍ കലാശിച്ചത്. സഹലിന്റെ ക്രോസ് ചാംഗ്‌ടെ വലയിലേക്ക് പറത്തി. 
ഇടവേളക്കു ശേഷം കുവൈത്താണ് ആക്രമണം തുടങ്ങിയത്. സന്ദേശ് ജിംഗന്റെ ഇടപെടലാണ് അല്‍ഖാലിദിയെ നിര്‍വീര്യമാക്കിയത്. അതോടെ കളി പരുക്കനായി. നിരവധി മഞ്ഞക്കാര്‍ഡുകള്‍ കാണിച്ചാണ് റഫറി നിയന്ത്രണം പാലിച്ചത്. ഇഞ്ചുറി ടൈമില്‍ ഗോളി ഗുര്‍പ്രീത് സന്ധുവിന്റെ ഉശിരന്‍ സെയ്‌വാണ് ഇന്ത്യയുടെ ആയുസ്സ് എക്‌സ്ട്രാ ടൈമിലേക്ക് നീട്ടിയത്.
 
2023 July 4Kalikkalamtitle_en: SAFF Championship: IND champions

By admin

Leave a Reply

Your email address will not be published. Required fields are marked *